തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മുന്നാമത്തേതും അവസാനത്തേതുമായ അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു. hscap.kerala.gov.in എന്ന വെബ്സൈറ്റിലെ കാൻഡിഡേറ്റ് ലോഗിനിലെ ‘Third Allot Results’ എന്ന ലിങ്കിലൂടെ അലോട്ട്മെന്റ് ഫലം പരിശോധിക്കാം. അലോട്ട്മെൻ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് ജൂൺ 29ന് രാവിലെ 11 മണിമുതൽ പ്രവേശനം നേടാം. പ്രവേശന നടപടികൾ ജൂലൈ മൂന്നിന് വൈകിട്ട് അഞ്ചുമണിയ്ക്ക് പൂർത്തിയാകും. അലോട്ട്മെൻ്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്മെൻ്റുകളിൽ പരിഗണിക്കില്ല.
അതേസമയം അലോട്ട്മെൻ്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽനിന്ന് അഡ്മിഷൻ സമയത്ത് പ്രിൻ്റ് എടുത്ത് നൽകും. ഒന്ന്, രണ്ട് അലോട്ട്മെൻ്റുകളിൽ താൽക്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഈ അലോട്ട്മെൻ്റിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്മെന്റ് ലെറ്റർ ആവശ്യമില്ല. താൽക്കാലിക പ്രവേശനത്തിലുള്ള വിദ്യാർത്ഥികൾക്ക് ഹയർ ഓപ്ഷൻ നിലനിർത്താൻ ഇനി അവസരം ഉണ്ടായിരിക്കില്ല. അതിനാൽ അലോട്ട്മെൻ്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അലോട്ട്മെന്റ് ലെറ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് മാത്രമേ അടക്കേണ്ടതുള്ളു. വിദ്യാർത്ഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോ സ്കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാം.
അലോട്ട്മെന്റ് ലെറ്ററിൻ്റ ഒന്നാമത്തെ പേജിൽ ഹാജരാക്കുന്ന രേഖകളുടെ വിവരങ്ങളും പഠനത്തിനായി തിരഞ്ഞെടുക്കുന്ന രണ്ടാം ഭാഷയും രേഖപ്പെടുത്തി വിദ്യാർത്ഥിയും രക്ഷകർത്താവും ഒപ്പുവെച്ചിരിക്കണം. യോഗ്യതാ സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, ബോണസ് പോയിൻ്റ്, ടൈ ബ്രേക്ക് എന്നിവ അവകാശപ്പെട്ടിട്ടുള്ളവർ പ്രസ്തുത സർട്ടിഫിക്കറ്റുകളുടെ അസ്സൽ ഹാജരാക്കണം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട ബോർഡുകളിൽനിന്ന് ലഭ്യമാകാത്ത വിദ്യാർത്ഥികൾക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ സമയം അനുവദിക്കും.
