നീറ്റ് പുനഃപരീക്ഷ; രാജ്യവ്യാപക മോക്ക് ഡ്രിൽ നാളെ

ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി നാളെ രാജ്യവ്യാപക മോക് ഡ്രിൽ നടത്താൻ നാഷണൽ ടെസ്റ്റിങ് ഏജൻസി. രാവിലെ ഒൻപത് മണിക്ക് ആരംഭിച്ചു വൈകുന്നേരം വരെ നീണ്ടുനിൽക്കുന്ന മോക്ക് ഡ്രില്ലിൽ രണ്ടര ലക്ഷത്തിലധികം സുരക്ഷാ ഉദ്യോ​ഗസ്ഥ‍ർ ഭാ​ഗമാകും. തയ്യാറെടുപ്പ് വിലയിരുത്താനും സുഗമമായ പരീക്ഷാ നടത്തിപ്പ് ലക്ഷ്യമിട്ടുമാണ് മോക് ഡ്രിൽ നടത്താൻ തീരുമാനിച്ചത്. ചോദ്യപ്പേപ്പർ ചോർന്നതിനെ തുടർന്ന് മെയ് മൂന്നിന് നടന്ന നീറ്റ് യുജി പരീക്ഷ റദ്ദാക്കിയതോടെയാണ് ജൂൺ 21ന് പുനപരീക്ഷ നടക്കുന്നത്. പുനഃപരീക്ഷയ്ക്ക് മുന്നോടിയായി എല്ലാ മെഡിക്കൽ കോളജുകൾക്കും സ്റ്റേഷനിൽ മെഡിക്കൽ കമ്മീഷൻ നിർദ്ദേശം നൽകി. അതീവ ജാഗ്രത പുലർത്താനും നാളെയും മറ്റന്നാളും സ്റ്റാഫുകൾക്ക് അവധി അനുവദിക്കുന്നത് ഒഴിവാക്കാനും നിർദ്ദേശിച്ചു.

അതേസമയം, നീറ്റ് പുനപരീക്ഷയുടെ സുരക്ഷ കണക്കിലെടുത്ത് ടെലിഗ്രാമിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ താത്കാലിക നിരോധനം ഡൽഹി ഹൈക്കോടതി ശരിവെച്ചു. IT ആക്ടിലെ 69A-യിലെ നടപടിക്രമം പാലിച്ചിട്ടുണ്ടെന്നും അടിയന്തര സ്വഭാവം കണക്കിലെടുക്കുമ്പോൾ കേന്ദ്രം ഉന്നയിച്ച കാരണങ്ങൾ പര്യാപ്തമാണെന്നും കോടതി ഉത്തരവിൽ പറഞ്ഞു. തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഏറ്റവും സൗകര്യപ്രദമായ പ്ലാറ്റ്‌ഫോം
ടെലിഗ്രാം ആണെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. ഡൽഹി ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീംക്കോടതിയെ ടെലിഗ്രാം സമീപിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *