തിരുവനന്തപുരം: മുസ്ലിം ലീഗ് മന്ത്രിമാരെ രൂക്ഷമായി വിമർശിച്ച് മുൻ മന്ത്രി കെ.ടി. ജലീൽ. പി.എം.എ.വൈ വിവാദത്തിൽ തന്റെ പഴയ സഹപ്രവർത്തകരായിരുന്ന ലീഗ് മന്ത്രിമാരായ കെ.എം. ഷാജിയും ഷംസുദ്ദീനും സ്വീകരിക്കുന്ന നിലപാടുകൾ മതേതരവാദികളെ വേദനിപ്പിക്കുന്നതാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കേന്ദ്ര സർക്കാർ പദ്ധതിയായ പി.എം.എ.വൈ പ്രകാരം നിർമിക്കുന്ന വീടുകൾക്ക് മുന്നിൽ നരേന്ദ്രമോദിയുടെ ചിത്രം വെക്കണമെന്ന വ്യവസ്ഥ അംഗീകരിക്കാമെന്ന ഷാജിയുടെ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കടമെടുത്താണെങ്കിലും ഒരു ഭരണകർത്താവിന്റെയും ചിത്രം പതിപ്പിക്കാതെ അഞ്ചു ലക്ഷം വീടുകളാണ് ഭരണകാലത്ത് പിണറായി സർക്കാർ നിർമിച്ചുനൽകിയത്. പാവപ്പെട്ടവരുടെ വീടുകൾക്ക് മുന്നിൽ മോദിയുടെ ഫോട്ടോ വെക്കാൻ മലയാളികൾ ഗതികെട്ടവരല്ലെന്നും അത്രയും നിർബന്ധമാണെങ്കിൽ അന്വേഷണം നേരിടുന്ന ലീഗ് നേതാക്കളുടെ വീടുകൾക്ക് മുന്നിലും ‘ചന്ദ്രിക’ പത്രത്തിന്റെ ബോർഡിന് മുകളിലും മോദിയുടെ പടം പതിക്കട്ടെയെന്നും അദ്ദേഹം വിമർശിച്ചു.
ഇഡിയെ ഭയന്നാണോ ലീഗ് ഇത്തരത്തിൽ പെരുമാറുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇടതുപക്ഷ സർക്കാർ മരവിപ്പിച്ച പി.എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കാനുള്ള മന്ത്രി ഷംസുദ്ദീന്റെ നീക്കത്തെയും ജലീൽ എതിർത്തു. യു.ഡി.എഫ് വന്നാൽ പി.എം ശ്രീ അറബിക്കടലിൽ എറിയുമെന്ന് പറഞ്ഞവർ തന്നെ അത് നടപ്പിലാക്കുന്നത് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനുമായുള്ള വല്ല ‘ഡീലിന്റെയും’ ഭാഗമാണോ എന്ന് അറിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലീഗുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കാതിരിക്കാനാണോ ഈ ഒത്തുതീർപ്പുകളെന്നും അദ്ദേഹം ചോദിച്ചു.
മദ്യനയത്തിലും ലീഗിന്റെ നിലപാടിനെ ജലീൽ ചോദ്യം ചെയ്തു. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച് മദ്യപാനം സാർവത്രികമാക്കാനുള്ള തീരുമാനത്തിനെതിരെ സാദിഖലി തങ്ങൾ ‘ചന്ദ്രിക’യിൽ ലേഖനം എഴുതുകയല്ല വേണ്ടത്, മറിച്ച് മന്ത്രിമാരോട് രാജിവെച്ച് മടങ്ങാൻ ആവശ്യപ്പെടുകയാണ് വേണ്ടത്. മദ്യനയം, മോദിയുടെ ചിത്രം, പി.എം ശ്രീ എന്നിവയ്ക്കെല്ലാം ലീഗ് ‘ഹലാൽ സർട്ടിഫിക്കറ്റ്’ നൽകുകയാണെങ്കിൽ പ്രതിപക്ഷം അത് തെരുവിൽ കീറിയെറിയുമെന്നും ഖാഇദെമില്ലത്തിന്റെ ‘ഈമാൻ’ (വിശ്വാസം) പോയിട്ട്, വി.എം. സുധീരന്റെ ഈമാനെങ്കിലും ലീഗ് നേതാക്കൾക്ക് വേണ്ടേ എന്നും ജലീൽ കുറിച്ചു.
