കുവൈത്ത് : കുവൈത്തിലെ ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾക്ക് പുതിയ കേന്ദ്രം ആരംഭിക്കുന്നു. ബി.എൽ.എസ് ഇന്റർനാഷണലിന് പകരം എംബസി ഔട്ട്സോഴ്സ് സേവനങ്ങൾ ഇനി ഡിജിറ്റൽ ഗ്ലോബൽ ഏറ്റെടുക്കും. അതേസമയം സർവീസ് ചാർജ് ആറ് മടങ്ങ് വരെ ഉയരാൻ സാധ്യതയുള്ളതിനാൽ പ്രവാസികൾക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
ജൂലൈ ഒന്ന് മുതലാണ് പുതിയ കേന്ദ്രത്തിലേക്ക് മാറുക. നേരത്തെ മുപ്പത്തിയാറ് പേജുള്ള സാധാരണ പാസ്പോർട്ടിന് നിലവിൽ ഇരുപത്തിയഞ്ച് ദിനാർ ആണ് ഫീസ്. എന്നാല്‍ ഡിജിറ്റൽ ഗ്ലോബലിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പുതിയ നിരക്ക് പ്രകാരം ജൂലൈ ഒന്ന് മുതൽ ഇത് മുപ്പത് ദിനാർ ആകും. സർവീസ് ചാർജ് ഒരു ദിനാറിൽ നിന്ന് ആറ് ദിനാറായി ഉയരുന്നതാണ് വർധനയ്ക്ക് കാരണം. പാസ്പോർട്ട് ഫീസിൽ മാറ്റമില്ല. അറുപത് പേജുള്ള ജംബോ പാസ്പോർട്ടിന് മുപ്പത്തിയെട്ട് ദിനാർ നൽകണം. പാസ്പോർട്ട് നഷ്ടപ്പെട്ടാലോ കേടായാലോ പുതിയത് എടുക്കാൻ അമ്പത്തിമൂന്ന് ദിനാർ വേണം. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് ഒൻപത് ദിനാറിൽ നിന്ന് പതിനഞ്ച് ദിനാറായി ഉയരും. കുട്ടികളുടെ പാസ്പോർട്ടിന് ഇരുപത്തിമൂന്ന് ദിനാറും നവജാത ശിശുക്കളുടെ പാസ്പോർട്ടിന് ഇരുപത്തിരണ്ട് ദിനാറും വേണ്ടിവരും. പതിനാല് വർഷത്തിനിടെയുള്ള ആദ്യ വലിയ ഫീസ് വർധനയാണിത്. ജൂലൈ ഒന്നിന് ശേഷം അപേക്ഷിക്കുന്നവർക്ക് മാത്രമേ പുതിയ നിരക്ക് ബാധകമാകൂ എന്ന് അധികൃതർ വ്യക്തമാക്കി.
