ന്യൂഡൽഹി : എബോള വൈറസിന്റെ ബൂൻഡി ബ്യൂഗോ വകഭേദത്തിൽനിന്ന് സംരക്ഷണം നൽകുന്നതിനായി വികസിപ്പിച്ച വാക്‌സിന്റെ ലോകത്തിലെ ആദ്യത്തെ മനുഷ്യരിലുള്ള പരീക്ഷണം ആരംഭിച്ചു. ഓക്‌സ്ഫഡ് സർവകലാശാലയും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ആണ് ഈ വാക്‌സിന് പിന്നിൽ. ബൂൻഡി ബ്യൂഗോ വകഭേദത്തിന് നിലവിൽ അംഗീകൃത വാക്‌സിൻ ലഭ്യമല്ലാത്ത സാഹചര്യത്തിൽ സുപ്രധാന ചുവടുവെപ്പാണിതെന്ന് വിലയിരുത്തപ്പെടുന്നു. ഓക്‌സ്ഫഡ് വാക്‌സിൻ ഗ്രൂപ്പാണ് ChAdOx1 BDBV എന്ന വാക്‌സിൻ വികസിപ്പിച്ചത്. ആദ്യഘട്ട പരീക്ഷണത്തിൽ വാക്‌സിൻ സുരക്ഷിതമാണോ എന്നും ആരോഗ്യവാന്മാരായ സന്നദ്ധ പ്രവർത്തകരിൽ ശക്തമായ പ്രതിരോധം സൃഷ്ടിക്കാൻ ഇതിന് കഴിയുമോ എന്നും പരിശോധിക്കും. ബുൻഡിബ്യൂഗോ എബോള പൊട്ടിപ്പുറപ്പെട്ടതായി പ്രഖ്യാപനം വന്നശേഷം വെറും 57 ദിവസത്തിനുള്ളിൽ തന്നെ വാക്‌സിന്റെ മനുഷ്യരിലുള്ള പരീക്ഷണം ആരംഭിക്കാൻ കഴിഞ്ഞത് ഗവേഷണം കൈവരിച്ച വേഗതയെ എടുത്തു കാണിക്കുന്നതാണ്.
ബുൻഡി ബ്യൂഗോ എബോള: മനുഷ്യരിലുള്ള പരീക്ഷണത്തിന് ഓക്‌സ്ഫഡ്-സിറം ഇൻസ്റ്റിറ്റ്യൂട്ട് വാക്‌സിൻ
