ഹജ്ജ് വേളയിലെ മാലിന്യ സംസ്കരണത്തിനായി നിരത്തിലിറക്കിയത് നൂതന സംവിധാനങ്ങൾ

ജിദ്ദ: ഈ വർഷത്തെ ഹജ്ജ് സീസണിൽ പുണ്യസ്ഥലങ്ങളിലെ മാലിന്യ സംസ്കരണവും പരിസ്ഥിതി സുസ്ഥിരതയും ഉറപ്പാക്കാൻ അത്യാധുനിക സാങ്കേതിക-ഫീൽഡ് സംവിധാനങ്ങൾ വിന്യസിച്ച് നാഷണൽ സെന്റർ ഫോർ വേസ്റ്റ് മാനേജ്‌മെന്റ് തങ്ങളുടെ ദൗത്യം വിജയകരമായി പൂർത്തിയാക്കി. നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മക്കയിൽ മാത്രം 1,691 ഫീൽഡ് പരിശോധനകളാണ് അതോറിറ്റി സംഘടിപ്പിച്ചത്. ‌പരിശോധനകളുടെ ഭാഗമായി 85 നോട്ടീസുകളും 54 പിഴകളും മാത്രമാണ് രേഖപ്പെടുത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് നിയമലംഘനങ്ങളിൽ വലിയ കുറവാണിത് കാണിക്കുന്നത്. ആരോഗ്യപരമായ അപകടസാധ്യതകൾ കുറയ്ക്കുന്നതിനും മാലിന്യങ്ങളെ ഉപയോഗപ്രദമായ സാമ്പത്തിക സ്രോതസ്സുകളാക്കി മാറ്റുന്നതിനുമായി, തീർഥാടകരുടെ ക്യാമ്പുകളിൽ ജൈവ-ഖര മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ തരംതിരിക്കാൻ ഫീൽഡ് ടീമുകൾ കർശന നടപടി സ്വീകരിച്ചിരുന്നു. ബലിമൃഗങ്ങളുടെ അവശിഷ്ടങ്ങൾ ഡിജിറ്റലായി നിരീക്ഷിക്കുന്നതിനുള്ള ഇലക്ട്രോണിക് ട്രാൻസ്പോർട്ട് ഡോക്യുമെന്റ് സംവിധാനം ഇത്തവണ കൂടുതൽ വിപുലീകരിച്ചു. ഇതിലൂടെ 1,112 ഇലക്ട്രോണിക് രേഖകൾ രജിസ്റ്റർ ചെയ്യുകയും 25,823 ടൺ മാലിന്യങ്ങൾ നിരീക്ഷിക്കുകയും ചെയ്തു. ഇതിൽ 89% ഖരമാലിന്യങ്ങളും 11% ദ്രവമാലിന്യങ്ങളുമായിരുന്നു. പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം, റോയൽ കമ്മീഷൻ ഫോർ മക്ക സിറ്റി ആന്റ് ഹോളി സൈറ്റ്സ് എന്നിവയുമായി ഏകോപിപ്പിച്ചാണ് ഈ പ്രവർത്തനങ്ങൾ നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *