ജബൽ അലി മറൈൻ സാങ്ച്വറിയിൽ 700 കണ്ടൽതൈകൾ നട്ടു

ദുബായ് : പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള സംരംഭങ്ങളുടെ ഭാഗമായി ജബൽ അലി മറൈൻ സാങ്ച്വറിയിൽ 700 കണ്ടൽതൈകൾ നട്ടുപിടിപ്പിച്ചതായി ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി അധികൃതർ വ്യക്തമാക്കി. ദുബായ് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന അതോറിറ്റിയുമായി സഹകരിച്ചാണ് കണ്ടൽതൈകൾ നട്ടുപിടിപ്പിച്ചത്. സമുദ്ര ജൈവവൈവിധ്യം സംരക്ഷിക്കുന്നതിന് കണ്ടൽതൈകൾ നടുന്നതിനൊപ്പം ബീച്ചുകൾ വൃത്തിയാക്കുന്നതിനും ദേവ നേതൃത്വം നൽകുന്നുണ്ട്. പരിസ്ഥിതിയെയും അതിന്റെ ജൈവവൈവിധ്യങ്ങളെയും സംരക്ഷിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും ഉത്തരവാദിത്വത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് ദേവ എം.ഡി.യും സി.ഇ.ഒ.യുമായ സയീദ് മുഹമ്മദ്‌ അൽ തായർ പറഞ്ഞു. സമുദ്ര ആവാസവ്യവസ്ഥ സംരക്ഷിക്കാനുള്ള സുപ്രധാന ചുവടുവെപ്പാണിത്. പൊതുജനങ്ങളിൽ പാരിസ്ഥിതിക അവബോധം വർധിപ്പിക്കാൻ ബോധവത്കരണ കാംപെയ്‌നുകളും സംഘടിപ്പിക്കുന്നുണ്ട്. 2030-ഓടെ രാജ്യത്ത് 10 കോടി കണ്ടൽതൈകൾ നട്ടുപിടിപ്പിക്കാനും കണ്ടൽക്കാടുകളുടെ സുസ്ഥിരത വർധിപ്പിക്കാനുമുള്ള ദേശീയ സംരംഭത്തിന് അനുസൃതമാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *