വിസ്മയയ്ക്ക് ശബ്ദം നൽകിയത് ആദിത്യ ലക്ഷ്മി

തിയറ്ററിൽ വിജയകരമായി മുന്നേറുന്ന തുടക്കം സിനിമയുടെ റിലീസിന് മുൻപ് തന്നെ തനിക്ക് ശബ്ദം നൽകിയത് ആദിത്യ ലക്ഷ്മി ആണെന്ന് വിസ്മയ മോഹൻലാൽ പറഞ്ഞിരുന്നു. ചിത്രത്തിൽ ആദിത്യ ഒരു കഥാപാത്രവും ചെയ്തിട്ടുണ്ട്. ‘സൂര്യഗായത്രി’ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകനായി അഭിനയിച്ച അനു ആനന്ദിന്റെ മകൾ ആണ് ആദിത്യ. തുടക്കം തിയറ്ററിൽ മുന്നേറുന്നതിനിടെ അണിയറപ്രവർത്തകർക്ക് നന്ദി പറഞ്ഞും തന്റെ സന്തോഷം പങ്കിട്ടും എത്തിയിരിക്കുകയാണ് ആദിത്യ ഇപ്പോൾ. ക്യാമറയ്ക്ക് മുന്നിൽ നിൽക്കാനും അതേസമയം തന്നെ ശബ്ദത്തിന് പിന്നിൽ പ്രവർത്തിക്കാനും സാധിച്ചത് വലിയൊരു ഭാ​ഗ്യമായി ഞാൻ കരുതുകയാണെന്ന് ആദിത്യ ലക്ഷ്മി പറയുന്നു.

‘തുടക്കം’ സിനിമയിൽ ചെറിയൊരു ഭാഗമാകാൻ കഴിഞ്ഞത് ഞാൻ എപ്പോഴും നന്ദിയോടെ ഓർക്കുന്ന നിമിഷങ്ങളിൽ ഒന്നാണ്. ഇത്രയും മികച്ചൊരു ടീമിന് ഒപ്പം പ്രവർത്തിക്കാനും, മായ ചേച്ചിക്ക് വേണ്ടി ഡബ്ബ് ചെയ്യാനും അവസരം ലഭിച്ചുവെന്നത് എന്നെ സംബന്ധിച്ച് വളരെ വലിയൊരു കാര്യമാണ്. ഇതെന്റെ ആദ്യത്തെ സിനിമയാണ്. വലിയ സീക്രീനിന് വേണ്ടി ആദ്യമായാണ് ഞാൻ ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നത്. അതുകൊണ്ട് തന്നെ എന്നെ ആദ്യമായി വെള്ളിത്തിരയിൽ കണ്ട നിമിഷം വാക്കുകൾക്കും അതീതമാണ്. വെറുമൊരു സ്വപ്നം മാത്രമായിരുന്ന കാര്യം ഇപ്പോഴെന്റെ ജീവിതത്തിന്റെ ഭാ​ഗമായി മാറി. ഇതിൽ ഞാൻ ഏറെ അനു​ഗ്രഹീതയും നന്ദിയുള്ളവളുമാണ്.

Leave a Reply

Your email address will not be published. Required fields are marked *