സമുദ്ര നിരീക്ഷണത്തിന് സ്മാർട് ഒബ്സർവർ ബോട്ടുമായി ഖത്തർ

ദോഹ: സമുദ്ര പരിസ്ഥിതി നിരീക്ഷണം ശക്തമാക്കാൻ സ്മാർട്ട് ഒബ്സർവർ ബോട്ട് അവതരിപ്പിച്ച് ഖത്തർ. വിവര ശേഖരണത്തിലെ അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നിർമിച്ച ബോട്ടാണ് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറത്തിറക്കിയത്.പരമ്പരാഗത രീതികളെ അപേക്ഷിച്ച് കടലിൽ നിന്നുള്ള യഥാസമയ വിവരങ്ങൾ കൃത്യമായി ലഭ്യമാക്കാൻ സഹായിക്കുന്ന സംവിധാനത്തിനാണ് മന്ത്രാലയം തുടക്കം കുറിച്ചത്. ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ തീരസുരക്ഷയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ അതിവേഗത്തിൽ അധികൃതർക്ക് കൈക്കൊള്ളാനുമാകും.സെൻസറുകൾ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബോട്ട് പ്രവർത്തിക്കുക. വിവിധ കാലാവസ്ഥകളിൽ ഏഴു മണിക്കൂർ വരെ തുടർച്ചയായി പ്രവർത്തിപ്പിക്കാനാകും. പരമ്പരാഗത സംവിധാനങ്ങളിൽ നിന്ന് സ്മാർട് ഡിജിറ്റൽ സിസ്റ്റത്തിലേക്ക് പരിസ്ഥിതി നിരീക്ഷണം മാറ്റുന്നതിന്റെ ഭാഗമായാണ് പദ്ധതിയെന്ന് പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.രാജ്യത്തിന്റെ സമുദ്ര ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും വിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗം ഉറപ്പാക്കുന്നതിനും ‘സ്മാർട്ട് ഒബ്‌സർവർ’ വലിയ സംഭാവന നൽകുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *