ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള ടി.വി.കെ സർക്കാർ ഭരണരംഗത്ത് കൊണ്ടുവന്ന മാറ്റങ്ങൾ സംസ്ഥാന ഖജനാവിന് നേട്ടമുണ്ടാക്കുന്നതായി റിപ്പോർട്ട്. ചെറിയ പൊതുമരാമത്ത് ജോലികൾ പോലും ഓപ്പൺ ടെൻഡർ വഴി നടപ്പിലാക്കാൻ തുടങ്ങിയതോടെയാണ് കുറഞ്ഞ നിരക്കിൽ കരാറുകൾ ഉറപ്പിക്കാൻ സർക്കാരിന് സാധിക്കുന്നത്. 10 ലക്ഷം കോടി രൂപയിലധികം കടബാധ്യതയുള്ള സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ ഈ ഭരണശൈലി സഹായിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. അഴിമതിയും കമ്മീഷൻ ഇടപാടുകളും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നീക്കം കരാറുകാർക്കിടയിലും വലിയ സ്വീകാര്യതയാണ് നേടുന്നത്. മുൻകാലങ്ങളിൽ നിയന്ത്രിത ടെൻഡറുകളിലൂടെയും പ്രീ-ഫിക്സഡ് കരാറുകളിലൂടെയും പദ്ധതികൾ നടപ്പിലാക്കിയിരുന്ന രീതിക്ക് വിജയ് സർക്കാർ അന്ത്യം കുറിച്ചു. ഇതോടെ കരാറുകാർക്കിടയിൽ ആരോഗ്യകരമായ മത്സരം ഉണ്ടാകുകയും സർക്കാർ നിശ്ചയിച്ച തുകയേക്കാൾ 25 മുതൽ 30 ശതമാനം വരെ കുറഞ്ഞ നിരക്കിൽ പണികൾ ഏറ്റെടുക്കാൻ അവർ തയ്യാറാകുകയും ചെയ്യുന്നു. മുൻ സർക്കാരുകളുടെ കാലത്ത് പദ്ധതി തുകയുടെ പത്ത് ശതമാനം അധികം നൽകി കരാറുകൾ നൽകിയിരുന്ന സ്ഥാനത്താണ് ഇപ്പോൾ കുറഞ്ഞ തുകയ്ക്ക് ടെൻഡറാകുന്നത് സംസ്ഥാന ഖജനാവിന് വലിയ നേട്ടമായി മാറുന്നത്.
വിജയ് ഭരണത്തിൽ ഖജനാവിന് നേട്ടം
