ന്യൂഡൽഹി: ഇസ്രയേൽ-യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയും ബിഹാർ ഗവർണർ ലെഫ്റ്റനന്റ് ജനൽ സയീദ് അതാ ഹസ്‌നൈനും പങ്കെടുക്കും. ജൂലായ് 4 മുതൽ ജൂലായ് 9 വരെയാണ് അനുശോചന ചടങ്ങുകൾ. അനുശോചന ചടങ്ങുകൾക്കായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗിക ക്ഷണിച്ചിരുന്നു. നയതന്ത്രപരമായി ഒട്ടേറെ വെല്ലുവിളികളുള്ള ചടങ്ങിൽ ഇന്ത്യയുടെ സാന്നിധ്യം എങ്ങനെയായിരിക്കുമെന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു.
ഫെബ്രുവരി 28-ന് ഇസ്രായേലും അമേരിക്കയും ടെഹ്റാനിൽ വ്യോമാക്രമണം ആരംഭിച്ച ആദ്യ ദിവസം തന്നെ 86 വയസ്സുള്ള ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടു. 36 വർഷമാണ് ഖമനേയി പരമോന്നത നേതാവായി ഇറാനെ നയിച്ചത്. വിവിധ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങ്.
