മലയാള ഭാഷാ-വിദ്യാഭ്യാസ രംഗത്ത് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് റൂവി മലയാളി അസോസിയേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ ‘ആർ.എം.എ കേരളീയം പുരസ്‌കാരം-2026’ എഴുത്തുകാരനും മലയാളം മിഷൻ അധ്യാപകനുമായ ബിനു കെ. സാമിന് നൽകും. മലയാള വ്യാകരണത്തിലെ സങ്കീർണ ആശയങ്ങളെ ലളിതമായി അവതരിപ്പിച്ച ‘നിപ്രസം ഉപ്രസം ആ’ എന്ന കൃതിയാണ് ഇദ്ദേഹത്തെ പുരസ്‌കാരത്തിന് അർഹനാക്കിയത്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം ജൂലൈ 10ന് റൂവിയിലെ ഗോൾഡൻ തുലിപ് ഹെഡിംഗ്ടൺ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ആർ.എം.എ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സംസ്ഥാന പാഠപുസ്തക സമിതി അംഗവും ‘നന്മ’ കൂട്ടായ്മയുടെ സ്ഥാപക ഡയറക്ടറുമായ ബിനു കെ. സാം, ഭാഷാപഠനത്തിനായുള്ള സവിശേഷമായ ഭാഷാക്കളിയിലൂടെയും 75 തവണ സന്നദ്ധ രക്തദാനം നടത്തി മികച്ച രക്തദാതാവിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയതിലൂടെയും ശ്രദ്ധേയനാണ്.
റൂവി മലയാളി അസോസിയേഷൻ കേരളീയം പുരസ്‌കാരം ബിനു കെ. സാമിന്
