അന്‍സിബയുടെ പരാതി: ടിനി ടോമിനെതിരെ കേസെടുത്തു

എറണാകുളം: നടി അന്‍സിബ ഹസ്സന്‍ നല്‍കിയ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ കേസെടുത്തു. തന്നെ തീവ്രവാദിയാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി നടി നല്‍കിയ പരാതിയിലാണ് കേസെടുത്തിയിക്കുന്നത്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം കടവന്ത്ര പൊലീസ് കേസെടുക്കുകയായിരുന്നു

അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ലെന്ന് പറഞ്ഞ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും കോടതി ഇടപെടുകയും കേസെടുക്കാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു. ടിനി ടോമിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. സ്ത്രീത്വത്തെ അപമാനിക്കല്‍, വര്‍ഗീയത പ്രചരിപ്പിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം.

പരാതിയില്‍ മതിയായ തെളിവുകളില്ലെന്നും കേട്ടുകേള്‍വിയുടെ മാത്രം അടിസ്ഥാനത്തില്‍ സമര്‍പ്പിക്കപ്പെടുന്ന പരാതിയാണെന്നുമാണ് പൊലീസ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നത്. തന്നെ വംശീയമായി അധിക്ഷേപിക്കാനും ദുഷ്പ്രചാരണം നടത്താനും ടിനി ടോം ശ്രമിച്ചതായും നീന കുറുപ്പ് ഉള്‍പ്പെടെയുള്ളവര്‍ ഈ പരാമര്‍ശങ്ങള്‍ കേട്ട് തന്നോട് പറഞ്ഞിരുന്നതായും അന്‍സിബ മാധ്യമങ്ങളോടും വ്യക്തമാക്കിയിരുന്നു. ജിഹാദി എന്നതുള്‍പ്പെടെയുള്ള വാക്കുകള്‍ വിളിച്ച് തന്നെ അധിക്ഷേപിച്ചെന്നായിരുന്നു അന്‍സിബയുടെ പരാതി. താന്‍ ചിലരെ മതംമാറ്റാന്‍ ശ്രമിച്ചെന്ന ഗുരുതര ആരോപണം ടിനി ഉന്നയിച്ചെന്നുമായിരുന്നു അന്‍സിബയുടെ പരാതി.

പരാതിയില്‍ കഴമ്പില്ലെന്ന് കാട്ടി പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് അപൂര്‍ണമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. പരാതിയില്‍ ഗുരുതരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അന്വേഷണം ആവശ്യമാണെന്നും കോടതി വ്യക്തമാക്കുകയായിരുന്നു. മുന്‍കൂര്‍ ജാമ്യം ഉള്‍പ്പെടെയുള്ള നീക്കങ്ങളിലേക്ക് ടിനി ടോമും വരും ദിവസങ്ങളില്‍ കടന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *