ചെന്നൈ: തമിഴ് സൂപ്പർതാരം അജിത്തിന്റെ റേസിങ് ജീവിതം ഡോക്യുമെന്ററിയാവുന്നു. ഗ്ലാഡിയേറ്റേഴ്‌സ്- ഇൻ പേഴ്‌സ്യൂട്ട് ഓഫ് ചാലഞ്ചസ് എന്ന പേരിലാണ് ഡോക്യുമെന്ററി പുറത്തിറങ്ങുന്നത്. ഡോക്യുമെന്ററിയുടെ മോഷൻ പോസ്റ്റർ അജിത്തിന്റെ 55-ാം പിറന്നാളിനോട് അനുബന്ധിച്ച് ശനിയാഴ്ച പുറത്തുവിട്ടു. അജിത് കുമാർ സ്‌പോർട്‌സ് സർവീസസ് എൽഎൽപിയാണ് ഡോക്യുമെന്ററി അവതരിപ്പിക്കുന്നത്. തിയേറ്ററിൽ ഉൾപ്പെടെ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. എ.എൽ. വിജയ് ആണ് സംവിധാനം. ജി.വി. പ്രകാശ് കുമാർ പശ്ചാത്തലസംഗീതം ഒരുക്കുന്നു. ആന്റണിയാണ് എഡിറ്റിങ്. പ്രൊഫഷണൽ റേസർ എന്ന നിലയിൽ അജിത്തിന്റെ ജീവിതം പറയുന്നതാവും ഡോക്യുമെന്ററി. റേസറാവാനുള്ള തയ്യാറെടുപ്പുകൾ, നേരിട്ട വെല്ലുവിളികൾ എന്നിവ ഡോക്യുമെന്ററിയിൽ പ്രതിപാദിക്കും. ലോകത്തെ തന്നെ പ്രധാന കാറോട്ട മത്സരങ്ങളിൽ അജിത് പങ്കെടുത്തതിന്റെ അനുഭവങ്ങളും ഡോക്യുമെന്ററിയിലുണ്ടാവും. 90 മിനിറ്റോളമായിരിക്കും ദൈർഘ്യം. അജിത് പങ്കെടുത്ത കാറോട്ട മത്സരങ്ങളിൽനിന്നുള്ള ഇതുവരെ പുറത്തുവരാത്ത ദൃശ്യങ്ങളും ഡോക്യുമെന്ററിയിലുണ്ടാവും.
അജിത്തിന്റെ റേസിങ് ജീവിതം ഡോക്യുമെന്ററിയാവുന്നു
