സംസ്ഥാന സർക്കാരിന്‍റെ ആദ്യ 100 ദിന കർമ്മ പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്‍റെ ആദ്യത്തെ 100 ദിന കർമ്മ പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി. ഡി സതീശൻ. നിയമസഭയിലെ ബജറ്റ് ചർച്ചക്ക് മറുപടി നൽകുന്നതിനിടിയിലാണ് സതീശൻ, 100 ദിന കർമ്മ പരിപാടിയും പ്രഖ്യപിച്ചത്. 541 പരിപാടികളാണ് 100 ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ന് മുതൽ കൗണ്ട് ഡൗൺ തുടങ്ങിയെന്നും ഓരോ 20 ദിവസം കുടുമ്പോഴും പുരോഗതി വിലയിരുത്തുമെന്നും സതീശൻ വ്യക്തമാക്കി.

ധനബിൽ പാസാക്കിയതിന് പിന്നാലെ കർമ്മ പദ്ധതിയും പ്രഖ്യാപിച്ച് നിയമസഭ അനിശ്ചിതകാലത്തേയ്ക്ക് പിരിയുകയും ചെയ്തു. വൻ വിവാദങ്ങൾക്കിടെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന ഉൾപ്പെടുത്തിയ ധനബില്ലാണ് നിയമസഭ പാസാക്കിയത്. ബജറ്റിന്റെ ഗ്രെയ്സ് കളയാൻ പ്രതിപക്ഷത്തിനൊപ്പം ചിലരും കൂടിയെന്ന് യു ഡി എഫിലെ വിമർശകരെയും ലക്ഷ്യമിട്ട് മുഖ്യമന്ത്രി വിമർശനം നടത്തുകയും ചെയ്തു.

അതേസമയം വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ചതിൽ പ്രതിപക്ഷത്തിനെതിരെയും കോൺഗ്രസ്സിലെ വിമർശകർക്കെതിരെയും മുഖ്യമന്ത്രി ഒളിയമ്പെയ്തു. ബജറ്റിൻ്റെ ശോഭ കെടുത്താൻ പ്രതിപക്ഷം ശ്രമിച്ചെന്നും ചിലർ അതിനൊപ്പം കൂടിയെന്നും മുഖ്യമന്ത്രി വിമർശിച്ചു. അതിനൊന്നും വഴങ്ങുന്ന സർക്കാറല്ല ഇതെന്ന് ധനബിലിൻ്റെ ചർച്ചയുടെ മറുപടിയിൽ സതീശൻ വ്യക്തമാക്കി. യു ഡി എഫിൽ മാത്രമല്ല കേരളത്തിലാകെ മദ്യനയം ചർച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു. നികുതി കുറച്ച നടപടി അടക്കം ചേർത്തുള്ള ബിൽ ശബ്ദ വോട്ടോടെ പ്രതിപക്ഷത്തിൻ്റെ അസാന്നിധ്യത്തിൽ പാസായി. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബജറ്റിൽ ഒളിച്ചുകടത്തിയതാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *