കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിമിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി പ്രത്യേക അന്വേഷണസംഘം. കാസിം അല്ല സ്ക്രീൻഷോട്ട് നിർമിച്ചത് എന്ന് വ്യക്തമായ സാഹചര്യത്തിലാണ് പ്രതിസ്ഥാനത്ത് നിന്ന് കാസിമിനെ ഒഴിവാക്കിയത്.
എൽഡിഎഫ് നൽകിയ പരാതിയിലായിരുന്നു മുഹമ്മദ് കാസിമിനെ പ്രതി ചേർത്തത്. കാസിം കുറ്റക്കാരൻ അല്ല എന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. സന്ദേശം വ്യാജമാണെന്ന് കാണിച്ച് യൂത്ത് ലീഗും പരാതി നൽകിയിരുന്നു. രണ്ട് വർഷമായി നിയമപോരാട്ടത്തിൽ ആയിരുന്നു മുഹമ്മദ് കാസിം. സ്ക്രീൻഷോർട്ട് നിർമ്മിച്ചത് ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ഫോണിൽ നിന്നാണ് എന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. സ്ക്രീൻഷോട്ട് ആര് നൽകിയതാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് സ്ഥാനാർഥിക്കെതിരെ പ്രചരിച്ചതാണ് കാഫിർ സ്‌ക്രീൻഷോട്ട്. യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമിനെയാണ് ആദ്യം പൊലീസ് പ്രതി ചേർത്തത്. ഹൈക്കോടതി ഇടപെടലിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ റിബേഷ് രാമകൃഷ്ണനാണ് ഇത് ആദ്യം പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് യുഡിഎഫ് സർക്കാർ അധികാരമേറ്റത്തിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്.
