കൃഷിയിടത്തിൽനിന്ന് അരക്കിലോ ‘സ്വർണാഭരണങ്ങൾ’ കണ്ടെടുത്തു; അവകാശവാദവുമായി പഴയ സ്ഥലമുടമ

ഹൈദരാബാദ്: തെലങ്കാനയിലെ ഒരു കൃഷിയിടത്തിൽ നിന്ന്‌ അരക്കിലോയോളം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങൾ കണ്ടെത്തി. തുടർന്ന് മുൻ ഭൂവുടമയുടെ മകൻ പോലീസിനെ സമീപിക്കുകയും നിധിയുടെ ഒരു പങ്ക് അവകാശപ്പെടുകയും ചെയ്തു. വാറങ്കൽ ജില്ലയിലാണ്‌ സംഭവം. ജൂൺ 24 ന് ആറ് ഏക്കർ കൃഷിയിടത്തിൽ കള പറിച്ചു കൊണ്ടിരിക്കുകയായിരുന്ന സ്ത്രീ തൊഴിലാളികളാണ് മണ്ണിൽ തിളങ്ങുന്ന ലോഹക്കഷണങ്ങൾ ശ്രദ്ധിച്ചത്. അവർ കൂടുതൽ ആഴത്തിൽ കുഴിച്ചപ്പോൾ സ്വർണ്ണാഭരണങ്ങൾ കണ്ടെത്തിയതായി പറയപ്പെടുന്നു.

ഏകദേശം 583.19 ഗ്രാം തൂക്കം വരുന്ന സ്വർണശേഖരം കണ്ടെത്തിയെന്ന് ഗ്രാമവാസികൾ അവകാശപ്പെടുന്നുണ്ടെങ്കിലും, ഉദ്യോഗസ്ഥർ ഇതുവരെ അതിന്റെ അളവോ മൂല്യമോ സ്ഥിരീകരിച്ചിട്ടില്ല. തൊഴിലാളികൾ ഇത് കർഷകന് കൈമാറി. എന്നാൽ, മുൻ ഭൂവുടമയുടെ മകൻ പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുതിയ വഴിത്തിരിവിലെത്തിയത്.തങ്ങളുടെ കുടുംബം അഞ്ച് വർഷം മുമ്പാണ് ഈ ഭൂമി വിറ്റതെന്നാണ് പരാതിക്കാരൻ പറഞ്ഞിരിക്കുന്നത്. ഇപ്പോഴത്തെ ഉടമയും തൊഴിലാളികളും തന്റെ സമ്മതമില്ലാതെ സ്വർണ്ണം പങ്കിട്ടെടുത്തു എന്നും അദ്ദേഹം പരാതിയിൽ ആരോപിച്ചു.’ഞങ്ങളുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമിയിലാണ് സ്വർണ്ണം കണ്ടെത്തിയത്. ഞങ്ങളെ അറിയിച്ചില്ല, ഒരു പങ്കും തന്നില്ല’ പരാതിയിൽ പറയുന്നു.

പോലീസ് പരാതി രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിച്ചു. ആഭരണങ്ങൾ എങ്ങനെ കണ്ടെത്തിയെന്നും അവയുടെ നിയമപരമായ അവകാശി ആരാണെന്നും കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. അതേസമയം കണ്ടെത്തിയ ആഭരണങ്ങൾ പുരാവസ്തുക്കളാണോ പുതിയ ആഭരണങ്ങളാണോയെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. അവയ്ക്ക് ചരിത്രപരമോ പുരാവസ്തുപരമോ ആയ മൂല്യമുണ്ടെന്ന് കണ്ടെത്തിയാൽ പുരാവസ്തു വകുപ്പ് ഏറ്റെടുത്തേക്കും. കൃഷിയിടത്തിൽനിന്ന് ആഭരണം കണ്ടെത്തിയെന്ന വാർത്ത പ്രചരിച്ചതോടെ വൻ ജനക്കൂട്ടമാണ് ഇങ്ങോട്ടേക്ക് ഒഴുകിയെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *