മുംബൈ: തെക്കുപടിഞ്ഞാറൻ മൺസൂൺ ശക്തിപ്രാപിച്ചതോടെ മുംബൈയിലും സമീപപ്രദേശങ്ങളിലും അതിശക്തമായ മഴ തുടരുകയാണ്. . കനത്ത മഴമൂലം നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. നഗരത്തിലെ നിരവധി പ്രദേശങ്ങളിൽ 200 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്
മുലുണ്ടിൽ 218.6 മില്ലിമീറ്റർ എസ് വാർഡ് ഓഫീസിൽ 212 മില്ലിമീറ്ററും പവായിലൽ 208.4 മില്ലിമീറ്ററും മഴ ലഭിച്ചു. പടിഞ്ഞാറൻ മുംബൈയയിലെ സാന്റാക്രൂസിൽ 216 മില്ലിമീറ്ററും അന്ധേരിയിൽ 204 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെയ്യുന്ന കനത്ത മഴ നഗരജീവിതത്തെ സാരമായി ബാധിച്ചു. ആഴ്ചകളായി തുടരുന്ന കനത്ത ചൂടിൽ ആശ്വാസമാകേണ്ടിയിരുന്ന മൺസൂൺ ഇപ്പോൾ മുംബൈയെ വെള്ളക്കെട്ടിന്റെയും ഗതാഗതക്കുരുക്കിന്റെയും പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. കനത്ത മഴയെ തുടർന്ന് നഗരത്തിലെ പല റോഡുകളിലും വ്യാപകമായ വെള്ളക്കെട്ട് രൂപപ്പെട്ടു. യാത്രക്കാർക്ക് ഗതാഗതം ദുഷ്കരമായതോടെ നിരവധി വാഹനങ്ങൾ മഴവെള്ളത്തിൽ ഭാഗികമായി മുങ്ങി. താനെ, പൽഘർ, റായ്ഗാഡ് എന്നിവിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.
