പാലക്കാട്: സിപിഎമ്മിനെയും പിണറായി വിജയനെയും വിമർശിച്ച് ഡിവൈഎഫ്ഐ. തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം സിപിഎമ്മിന്റെ നിലപാടുകളാണെന്നും പിണറായി വിജയന്റെ പല പരാമർശങ്ങളും ജനങ്ങൾക്കിടയിൽ ദോഷകരമായി ബാധിച്ചുവെന്നും ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സമ്മേളനത്തിലെ പൊതുചർച്ചയിൽ വിമര്ശനനമുയർന്നു. നേതാക്കളുടെ ബന്ധുക്കളെ സ്ഥാനാർഥികളാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും യുഡിഎഫ് യുവാക്കൾക്ക് നൽകുന്ന പ്രാതിനിധ്യം പോലും എൽഡിഎഫിൽ ലഭിക്കുന്നില്ലെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
മട്ടന്നൂരിൽ വി.കെ. സനോജിന്റെ ഭൂരിപക്ഷം കുറഞ്ഞത് നേതൃത്വം ഗൗരവമായി പരിശോധിക്കണമെന്നും സമ്മേളനത്തിൽ ആവശ്യമുയർന്നു. പാലക്കാട് ജില്ലയിൽ സിപിഎം നേതാവായ സുരേഷ് ബാബുവിനെപ്പോലെയുള്ളവർ ഡിവൈഎഫ്ഐയെ സ്വന്തം കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുകയാണെന്നും ഇത് സംഘടനയുടെ സ്വതന്ത്രമായ പ്രവർത്തനത്തെ ബാധിക്കുന്നുവെന്നും പ്രതിനിധികൾ വിമർശിച്ചു. മാത്രമല്ല, രാഷ്ട്രീയമായ പോരാട്ടങ്ങൾക്കു പകരം സേവന പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങുന്ന രീതി ഡിവൈഎഫ്ഐയുടെ സ്വാഭാവികമായ കരുത്തിന് തിരിച്ചടിയായെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു.
