കഴിവില്ലെന്നു പറഞ്ഞ് ജീവനക്കാരെ പിരിച്ചുവിടുന്നു ; നടപടിയുമായി ഒമാൻ

മസ്കത്ത്: തൊഴിലാളികളുടെ പ്രവർത്തനക്ഷമത കുറവാണെന്ന് ആരോപിച്ച് ജോലിയിൽ നിന്ന് പിരിച്ചുവിടാൻ തൊഴിലുടമകൾക്ക് കഴിയില്ലെന്ന് ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്‌സ് അറിയിച്ചു. തൊഴിൽ നിയമപ്രകാരം, തൊഴിലാളികളോട് പ്രകടനത്തിലെ കുറവ് കൃത്യമായി വ്യക്തമാക്കി മുൻകൂട്ടി നോട്ടീസ് നൽകണം. പ്രകടനം മെച്ചപ്പെടുത്തുന്നതിനായി കുറഞ്ഞത് 6 മാസത്തെ സാവകാശം നിർബന്ധമായും നൽകിയിരിക്കണം. പ്രകടനവുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക രേഖകളും ജീവനക്കാരൻ സൂക്ഷിച്ചുവെക്കുകയും, ലഭിക്കുന്ന സമയപരിധി കഴിവുകൾ മെച്ചപ്പെടുത്താൻ പരമാവധി ഉപയോഗിക്കുകയും വേണം.

എന്നിട്ടും പുരോ​ഗതിയില്ലെന്ന് കണ്ടെത്തി കരാർ റദ്ദാക്കാൻ തീരുമാനിക്കുകയാണെങ്കിൽ, അത് നടപ്പിലാക്കുന്നതിന് 3 മാസം മുമ്പ് തൊഴിലുടമ തൊഴിൽ മന്ത്രാലയത്തെ വിവരമറിയിക്കണം. എന്നാൽ ആവശ്യമായ സമയം നൽകാതെയുള്ള നോട്ടീസുകൾ ലഭിക്കുകയാണെങ്കിൽ, ജീവനക്കാർക്ക് അതിൽ രേഖാമൂലമുള്ള വ്യക്തത ചോദിച്ചു വാങ്ങാം. കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് പിരിച്ചുവിടുന്നതെങ്കിൽ ടെർമിനേഷൻ നോട്ടീസ് ലഭിച്ച തിയതി മുതൽ ഒരു മാസത്തിനകം ബന്ധപ്പെട്ട അധികാരികൾക്ക് മുമ്പാകെ പരാതി നൽകാൻ ജീവനക്കാർക്ക് അവകാശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *