ന്യൂഡല്‍ഹി: ഡൽഹി ഹൈക്കോടതി ജഡ്ജിയായിരിക്കേ വസതിയില്‍ നിന്നും കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ കുറ്റക്കാരനാണെന്ന് കണ്ടെത്തി അന്വേഷണ സമിതി. ലോക്‌സഭ അന്വേഷണസമിതിയാണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്. കഴിഞ്ഞ വര്‍ഷമാണ് കണക്കില്‍പ്പെടാത്ത പണം യശ്വന്ത് വര്‍മയുടെ ഔദ്യാഗിക വസതിയോട് ചേര്‍ന്നുള്ള സ്റ്റോര്‍ റൂമിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. ന്യൂഡല്‍ഹിയിലെ തുഗ്ലക്ക് ക്രസന്റിലെ വസതിയിലെ സ്‌റ്റോര്‍റൂമില്‍ നിന്നും ലഭിച്ചത് അഞ്ഞൂറ് രൂപയുടെ കറന്‍സി നോട്ടുകളാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. പണത്തിന്റെ ഉറവിടത്തെ കുറിച്ച് കൃത്യവും വ്യക്തവുമായി വിശദീകരണം നല്‍കാനും ജഡ്ജിക്ക് കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
നിയമപരമായ ഇടപെടലുകള്‍ ഉണ്ടാകുന്നതിന് മുമ്പ് സ്റ്റോര്‍റൂമില്‍ നിന്നും പല തെളിവുകളും നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും കുറേയെറെ നോട്ടുകള്‍ അവിടെ നിന്നും മാറ്റിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തിലും ജഡ്ജി കൃത്യമായ വിശദീകരണം നല്‍കിയിട്ടില്ല.സുപ്രീംകോടതി ജഡ്ജി അരവിന്ദ് കുമാറിന്റെ നേതൃത്വത്തിലുളള സംഘം തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് ലോക്‌സഭയില്‍ വെച്ചു. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന യശ്വന്ത് വര്‍മ്മയുടെ ആരോപണം അന്വേഷണസമിതി തള്ളി.
2025 മാര്‍ച്ച് 14ന് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തത്തോടെയാണ് സംഭവങ്ങളുടെ ആരംഭം. തീ അണയ്ക്കാനെത്തിയ അഗ്നിരക്ഷാ സേനയാണ് വീട്ടില്‍ കെട്ടുകളായി സൂക്ഷിച്ചിരുന്ന കോടിക്കണക്കിന് രൂപ കണ്ടെത്തിയത്. വര്‍മ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരിക്കെയാണ് വിവാദമായ സംഭവം നടന്നത്. സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ സംഭവത്തിന്റെ ഫോട്ടോകളും വീഡിയോകളും പകര്‍ത്തി മേലുദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു.സംഭവത്തിന് പിന്നാലെ വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റുകയും ജുഡീഷ്യല്‍ ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തിരുന്നു. അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടുകയും ഇദ്ദേഹത്തെ നീക്കം ചെയ്യാന്‍ ശുപാര്‍ശ നല്‍കുകയും ചെയ്തു. ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കുന്ന തരത്തിലുള്ള അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പാര്‍ലമെന്റില്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിച്ച് നടപടികള്‍ പുരോഗമിക്കുന്നതിനിടെ ഇക്കഴിഞ്ഞ ഏപ്രിലില്‍ വര്‍മ രാജിവെയ്ക്കുകയാണ് ഉണ്ടായത്.
