മുംബൈ: ഐ.പി.എൽ. ക്രിക്കറ്റിനുശേഷമുള്ള ഇന്ത്യൻ ടീമിന്റെ അയർലൻഡ് പര്യടനത്തിൽ കൗമാരപ്രതിഭ വൈഭവ് സൂര്യവംശിയെ ടീമിലുൾപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമിലേക്കായി കൗമാരതാരമടക്കം 15 കളിക്കാരുടെ പട്ടിക തയ്യാറാക്കിയതായാണ് സൂചന. അങ്ങനെയെങ്കിൽ ഉടൻ തന്നെ പതിനഞ്ചുകാരൻ ഇന്ത്യയുടെ സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കും.
അതേസമയം വൈഭവ് ടീമിലെത്തുമ്പോൾ മറ്റുതാരങ്ങൾക്ക് ടി20 ടീമിലെ സ്ഥാനം നഷ്ടമായേക്കും. നിലവിലെ ഓപ്പണർമാരായ സഞ്ജു സാംസൺ, അഭിഷേക് ശർമ എന്നിവരിലാരെങ്കിലും പുറത്തിരിക്കേണ്ടിവരും. ടീമിൽ ഒരു അഴിച്ചുപണിക്കാണ് ബിസിസിഐ ഒരുങ്ങുന്നതെങ്കിൽ നായകൻ സൂര്യകുമാർ യാദവിന്റേതടക്കം സ്ഥാനം തെറിച്ചേക്കാനുമിടയാനുണ്ട്.
സൂര്യവംശിയുടെ തിരഞ്ഞെടുപ്പിൽ സെലക്ഷൻ കമ്മിറ്റിയെ അലട്ടുന്നത് ടീമിന്റെ കോംബിനേഷനാണ്. ഓപ്പണിങ് മുതൽ മിഡിൽ ഓർഡറിൽ വരെ പ്രതിഭകളുടെ ധാരാളിത്തമാണ്. അതിനാൽ വൈഭവ് ടീമിലെത്തുമ്പോൾ നിലവിലെ കോംബിനേഷൻ പൊളിക്കേണ്ടിവരും. അതിന് മുതിരുമോ എന്നതാണ് അറിയേണ്ടത്. വൈഭവെത്തുമ്പോൾ സഞ്ജു-അഭിഷേക് ഓപ്പണിങ് കോംബിനേഷന് മാറ്റം വരും. മാത്രമല്ല, ഓപ്പണറായി ഇറങ്ങാറുള്ള ഇഷാൻ കിഷനും സ്ഥാനം നഷ്ടമായേക്കുമെന്നാണ് സൂചന.
