അൻസിബയുടെ പരാതി; ടിനി ടോമിനെ വീണ്ടും ചോ​ദ്യം ചെയ്യും

കൊച്ചി: നടൻ ടിനി ടോമിനെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ കടവന്ത്ര പൊലീസ്. നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ ടിനി ടോമിനെതിരെ കേസ് എടുക്കാൻ കഴിഞ്ഞ ദിവസം കോടതി നിർദ്ദിശിച്ചതിന് പിന്നാലെയാണ് നടപടി. നടിമാരായ നീന കുറുപ്പ്, ശ്വേത മേനോൻ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തും.

ടിനി ടോമിനെ അറസ്റ്റ് ചെയ്യുന്നത് അടക്കമുള്ള നടപടികൾ തത്കാലം ഇല്ല. മൊഴികൾ പരിശോധിച്ച ശേഷം മാത്രമാകും തുടർ നടപടി സ്വീകരിക്കു. സ്ത്രീകളോടുള്ള മോശം പെരുമാറ്റം(Bns 74) ലൈംഗിക സൂചനയോടെ ഉള്ള പരാമർശം(Bns 75) സ്ത്രീകൾക്കെതിരായ അശ്ലീല പ്രയോഗം(Bns79) മത സ്പർദ്ധ വളർത്തൽ(Bns 299) മതവികാരം വൃണപ്പെടുത്തൽ(Bns 302) തുടങ്ങിയ വകുപ്പുകളാണ് നിലവിൽ ടിനി ടോമിനെതിരെ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ മാസം 30ന് ആണ് അൻസിബയുടെ പരാതിയില്‍ കേസ് എടുക്കാന്‍ എറണാകുളം ജില്ല സെഷൻസ് കോടതി നിര്‍ദ്ദേശിച്ചത്. അന്‍സിബയ്ക്ക് എതിരെ നടത്തിയ വർ​ഗീയ പരാമർശത്തിൽ കേസെടുക്കാനാണ് കോടതി നിര്‍ദ്ദേശിച്ചത്. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള പരാതികൾ എല്ലാം അന്വേഷിക്കണമെന്നും കോടതി നിർദേശത്തിലുണ്ട്. അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ തെളിവ് ഇല്ലെന്നായിരുന്നു കടവന്ത്ര പൊലീസിൻ്റെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *