ഹവാന: ക്യൂബയില്‍ കടുത്ത ഊര്‍ജ്ജപ്രതിസന്ധിയെ തുടർന്ന് വൈദ്യുതി പൂര്‍ണ്ണമായി മുടങ്ങി. വൈദ്യുത വിതരണം നടത്തുന്ന ദേശീയ പവര്‍ ഗ്രിഡ് പൂര്‍ണ്ണമായും തകര്‍ന്നതായി ക്യൂബന്‍ ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു. ഇന്ധനക്കപ്പലുകള്‍ ക്യൂബയില്‍ എത്താതിരിക്കാന്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ശക്തമായ ഉപരോധമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ചയോടെയാണ് രാജ്യത്തെ വൈദ്യുത വിതരണ ശൃംഖല പൂര്‍ണ്ണമായി നിലച്ചത്. ഗ്രിഡ് തകരാറിലാകാനുള്ള കാരണം അന്വേഷിച്ചുവരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
അടിയന്തര സേവനങ്ങള്‍ ഉറപ്പാക്കാന്‍ മൈക്രോസിസ്റ്റങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുകയാണെന്നും ഊര്‍ജ്ജ മന്ത്രി അറിയിച്ചു.പഴക്കമേറിയ വൈദ്യുതി വിതരണ സംവിധാനം കാരണം കുറച്ചു വര്‍ഷങ്ങളായി ക്യൂബയില്‍ വൈദ്യുതി മുടക്കങ്ങള്‍ പതിവാണ്. ഈ വര്‍ഷം ക്യൂബയിലേക്കുള്ള പ്രധാന എണ്ണക്കപ്പലുകള്‍ അമേരിക്ക തടഞ്ഞതോടെ പ്രതിസന്ധി രൂക്ഷമായി. മാര്‍ച്ചില്‍ മാത്രം ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് തവണയാണ് രാജ്യം പൂര്‍ണ്ണമായി ഇരുട്ടിലായത്.
ജനങ്ങളെ ശ്വാസം മുട്ടിച്ച് രാജ്യത്ത് ഒരു സാമൂഹിക സംഘര്‍ഷം ഉണ്ടാക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് ക്യൂബന്‍ പ്രസിഡന്റ് മിഗുവല്‍ ഡിയാസ് കാനല്‍ എക്‌സില്‍ കുറിച്ചു. അമേരിക്കന്‍ ഉപരോധം മൂലം വിദ്യാഭ്യാസം, ഗതാഗതം, ആരോഗ്യം തുടങ്ങിയ അവശ്യ സേവനങ്ങളെല്ലാം ക്യൂബയില്‍ താറുമാറായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ക്യൂബയിലെ രാഷ്ട്രീയ വ്യവസ്ഥയില്‍ മാറ്റം വരുത്താനും വിദേശ നിക്ഷേപം അനുവദിക്കാനും വേണ്ടിയാണ് തങ്ങള്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്നത് എന്നാണ് അമേരിക്കയുടെ വാദം. ക്യൂബയില്‍ റഷ്യയുടെയും ചൈനയുടെയും ചാരവിനിമയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അമേരിക്ക ആരോപിച്ചു.
