കൻസാസ് സിറ്റി: ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ വഴിവിട്ട് സഹായിക്കുന്നുവെന്ന വിവാദങ്ങളിൽ കടുത്ത ഭാഷയിൽ പ്രതികരിച്ച് പരിശീലകൻ ലയണൽ സ്കലോണി. അർജന്റീന വീണ്ടും ലോകകിരീടം ചൂടുന്നത് കാണാൻ ഇഷ്ടപ്പെടാത്ത ചിലരാണ് ഇത്തരം വ്യാജ ആരോപണങ്ങൾക്ക് പിന്നിലെന്ന് സ്കലോണി തുറന്നടിച്ചു. സ്വിറ്റ്സർലൻഡിനെതിരെയുള്ള നിർണായക ക്വാർട്ടർ ഫൈനൽ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിലും ഫുട്ബോൾ ആരാധകർക്കിടയിലും അർജന്റീനയ്ക്ക് അനുകൂലമായി റഫറിമാരും ‘വാർ’ തീരുമാനങ്ങൾ എടുക്കുന്നു എന്ന തരത്തിൽ വലിയ ചർച്ചകൾ നടന്നിരുന്നു. പ്രീക്വാർട്ടറിൽ ഈജിപ്തിനെതിരെയുള്ള മത്സരത്തിൽ ഈജിപ്തിന്റെ ഒരു ഗോൾ വാർ പരിശോധനയിലൂടെ റദ്ദാക്കിയതും, അവർക്ക് അനുകൂലമായ പെനൽറ്റി അപ്പീൽ റഫറി തള്ളിയതുമാണ് ഈ ആരോപണങ്ങൾക്ക് ആക്കം കൂട്ടിയത്. ലിയോണൽ മെസി ടൂർണമെന്റിൽ തുടരുന്നത് ഫിഫയ്ക്ക് വലിയ സാമ്പത്തിക ലാഭമുണ്ടാക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങളും ചില കോണുകളിൽ നിന്ന് ഉയർന്നിരുന്നു. എന്നാൽ ഈ സിദ്ധാന്തങ്ങളെയെല്ലാം അർജന്റീനിയൻ പരിശീലകൻ പൂർണമായും തള്ളിപ്പറഞ്ഞു.
ഫിഫ സഹായ ആരോപണങ്ങൾക്ക് മറുപടിയുമായി സ്കലോണി
