കല്‍പ്പറ്റ: മുതിര്‍ന്ന ആര്‍എസ്എസ് സ്വയം സേവകന് ചീരാല്‍ ആശാരിപ്പടി സ്വദേശി മുഹമ്മദ് (56) അന്തരിച്ചു. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ഒരു വര്‍ഷം മുമ്പ് ബാധിച്ച ന്യൂമോണിയയെ തുടര്‍ന്ന് കരളിനും മറ്റ് ആന്തരിക അവയവങ്ങള്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടിരുന്നു.
നാട്ടുകാര്‍ സ്നേഹപൂര്‍വ്വം ‘മുഹമ്മദിക്ക’ എന്ന് വിളിച്ചിരുന്ന, ചീരാല്‍ മുഹമ്മദ് നാല് പതിറ്റാണ്ടിലേറെയായി സംഘപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. പഴൂര്‍ ശാഖാ സ്വയംസേവകനായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ക്കിടയിലും സാമൂഹിക-സംഘ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടിരുന്നു. പൊതുപ്രവര്‍ത്തന രംഗത്തും അദ്ദേഹം സജീവമായിരുന്നു.
ആര്‍എസ്എസിന്റെ പ്രഥമ വര്‍ഷ, ദ്വിതീയ വര്‍ഷ സംഘ ശിക്ഷാ വര്‍ഗ്ഗുകള്‍ പൂര്‍ത്തിയാക്കിയ മുഹമ്മദ്, ദീര്‍ഘകാലം സംഘടനയുടെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. സംഘപ്രവര്‍ത്തനത്തോടൊപ്പം കായികരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. വയനാട്ടിലെ പ്രമുഖ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബായ ‘ഭാവന പഴൂര്‍’ ക്ലബിന്റെ മുന്‍കാല പ്രവര്‍ത്തകനും, ഭാവന പഴൂര്‍ ഫുട്ബോള്‍ ടീമിന്റെ വിശ്വസ്തനായ ഗോള്‍കീപ്പറുമായിരുന്നു.
പരേതനായ കുഞ്ഞലവിയുടെയും ആയിഷയുടെയും മകനാണ് മുഹമ്മദ്. ആയിഷാബിയാണ് ഭാര്യ. ഷിഹാബ് (32), ഷംന (29) എന്നിവരാണ് മക്കള്‍.
