റിയാദ്: സൗദി അറേബ്യൻ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ വിവിധ അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ടെലിഫോൺ ചർച്ച നടത്തി. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ ഥാനി, ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽബുസൈദി, ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി, ജോർദാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അയ്മൻ സഫാദി എന്നിവരുമായാണ് അദ്ദേഹം ആശയവിനിമയം നടത്തിയത്.
മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ വിലയിരുത്തിയ ചർച്ചയിൽ, പ്രാദേശിക രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ആവർത്തിച്ചുള്ള ആക്രമണങ്ങളെ നേതാക്കൾ ശക്തമായി അപലപിച്ചു. രാജ്യങ്ങളുടെ പരമാധികാരത്തെ ഹനിക്കുന്നതോ മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാകുന്നതോ ആയ എല്ലാ നടപടികളെയും തള്ളിക്കളയുന്നതായി അവർ വ്യക്തമാക്കി. മേഖലയിൽ സുരക്ഷ പുനഃസ്ഥാപിക്കുന്നതിനും സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുമുള്ള ശ്രമങ്ങളും, ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കുന്നതുൾപ്പെടെയുള്ള വിവിധ വിഷയങ്ങളും ചർച്ചയിൽ പങ്കുവെച്ചു.
