ജിദ്ദ: ഹജ്ജ് കർമങ്ങൾ പുരോഗമിക്കുന്നതിനിടെ പുണ്യസ്ഥലങ്ങളിൽ കടുത്ത ചൂടും വെയിലും മൂലമുണ്ടാകുന്ന ആരോഗ്യപരമായ പ്രതിസന്ധികൾ കുറയ്ക്കുന്നതിനായി തീർഥാടകർ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. പ്രത്യേകിച്ച് ചൂട് ഏറ്റവും കൂടുന്ന ഉച്ചസമയങ്ങളിൽ കടുത്ത വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രാലയം ഓർമിപ്പിച്ചു. സൂര്യഘാതം, ശാരീരിക തളർച്ച എന്നിവ തടയുന്നതിനായി പള്ളികളിലേക്കും മറ്റ് പുണ്യസ്ഥലങ്ങളിലേക്കും നീങ്ങുമ്പോൾ നിർബന്ധമായും കുടകൾ ഉപയോഗിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാകാതിരിക്കാൻ ആവശ്യത്തിന് വെള്ളവും മറ്റ് പാനീയങ്ങളും കുടിക്കണമെന്നും, നേരിട്ട് വെയിൽ ഏൽക്കുന്ന രീതിയിൽ ദീർഘദൂരം നടക്കുന്നത് പൂർണമായും ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഹജ്ജിനിടെ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സൗദി
