കൊച്ചി : ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന കോട്ടയം ബെൽറ്റ് എന്ന ചിത്രത്തിന് തുടക്കമായി. കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ ഇന്നലെ നടന്ന ചടങ്ങിൽ കായിക വകുപ്പ് മന്ത്രി ഒ ജെ ജനീഷ് ടൈറ്റിൽ പ്രകാശനം നടത്തിക്കൊണ്ടാണ് തുടക്കമായത്. ചലച്ചിത്ര, സാമൂഹ്യ, കലാരംഗങ്ങളിലെ നിരവധിപ്പേരുടേയും അണിയറപ്രവർത്തകരുടെയും അവരുടെ ബന്ധുമിത്രാദികളുടെയും സാന്നിദ്ധ്യത്തിലായിരുന്നു ഈ ചടങ്ങ് നടന്നത്. ഡ്രിം ക്യാച്ചര്‍ പ്രൊഡക്ഷൻസ്, കൈലാഷ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളില്‍ ടി ആർ ഷംസുദ്ദീൻ, വേണു ഗോപാലകൃഷ്ണൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
കിഴക്കൻ മലയോര ഗ്രാമത്തിലെ ക്രിസ്ത്യൻ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഫാമിലി ത്രില്ലറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. ആളും അർത്ഥവും മനോബലവും കൊണ്ട് ആർക്കും പ്രതിരോധിക്കാൻ കഴിയാത്ത നാല് സഹോദരങ്ങളുടെ ജീവിതകഥയാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. നാം കണ്ടും കേട്ടും അറിഞ്ഞ കഥാപാത്രങ്ങളെ ഇവരിലൂടെ തികച്ചും റിയലിസ്റ്റിക്കായി ഈ ചിത്രത്തിലൂടെ കാണാൻ കഴിയും. ആസിഫ് അലിക്ക് പുറമെ വിജയരാഘവൻ, ഷൈൻ ടോം ചാക്കോ, ജഗദീഷ്, ശ്രുതി രാമചന്ദ്രൻ, അശോകൻ, ബോബി കുര്യൻ, അലൻസിയർ, വിഷ്ണു അഗസ്ത്യ, ഫർഹാൻ ഫാസിൽ, ശ്രീകാന്ത് മുരളി, പ്രേംപ്രകാശ്, വിനീത്, ജിനു ജോസഫ്, ചെമ്പിൽ അശോകൻ, രഞ്ജിത്ത് ശേഖർ, സാന്ദ്ര ചന്ദ്രൻ, എയ്ക ദേവ്, നിധിൻ പ്രസന്ന എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
