തിരുവനന്തപുരം: ലഹരിമരുന്ന് മാഫിയക്കെതിരായ പോരാട്ടമായ ഓപറേഷന്‍ തൂഫാന് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മുതിര്‍ന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തും. കേരളത്തില്‍ ആരംഭിച്ച ലഹരിവിരുദ്ധ ജനകീയ മുന്നേറ്റത്തിന് തമിഴ്‌നാടിന്റെ പിന്തുണ തേടുകയാണ് കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം.
അതിർത്തി ജില്ലകളിലൂടെ നടക്കുന്ന ലഹരിമരുന്ന് കടത്തും യുവാക്കളെ ലക്ഷ്യമിട്ടുള്ള മയക്കുമരുന്ന് ശൃംഖലയും തടയാന്‍ കേരളവും തമിഴ്‌നാടും ചേര്‍ന്ന് ഏകോപിത നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ചെന്നിത്തല കൂടിക്കാഴ്ചയില്‍ ഉന്നയിക്കുമെന്നാണ് വിവരം.
ലഹരിക്കെതിരായ പോരാട്ടം ഒരു സംസ്ഥാനത്തിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്നും, അയല്‍ സംസ്ഥാനങ്ങളുടെ സഹകരണത്തോടെ മാത്രമേ ഫലപ്രദമായ പ്രതിരോധം സാധ്യമാകൂവെന്ന നിലപാടാണ് ഓപറേഷന്‍ തൂഫാനിലൂടെ മുന്നോട്ടുവെക്കുന്നത്.
സാമൂഹിക സംഘടനകളുടെയും പൊതുജനങ്ങളുടെയും പിന്തുണയോടെ ആരംഭിച്ച ഓപറേഷന്‍ തൂഫാന് കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രമേശ് ചെന്നിത്തലയുടെ തമിഴ്‌നാട് സന്ദര്‍ശനം.
