തിരുവനന്തപുരം: ആലപ്പുഴയുടെ അഭിമാനമായ നെഹ്‌റു ട്രോഫി വള്ളംകളിക്ക് സംസ്ഥാന സർക്കാർ നൽകിവരുന്ന സ്ഥിരം സഹായം കെ സി വേണുഗോപാൽ എംപി ആവശ്യപ്പെട്ടത് പ്രകാരം രണ്ടു കോടി രൂപയായി വർദ്ധിപ്പിക്കുന്നതിന് ധനവകുപ്പുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് ടൂറിസം സിനിമ വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ് പറഞ്ഞു. മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന എൻ.ടി.ബി.ആർ. എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം അറിയിച്ചത്. വള്ളങ്ങളുടെ മെയിൻറനൻസ് ഗ്രാൻഡിന്റെ കാര്യത്തിൽ ബജറ്റ് നിർദ്ദേശം ഉൾപ്പെടെ പരിഗണിച്ച് അനുകൂലമായ തീരുമാനമെടുക്കുമെന്ന് മന്ത്രി വിഷ്ണുനാഥ് യോഗത്തിൽ പറഞ്ഞു. സിബിഎല്ലിന്റെ പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാവില്ല. ഇത്തവണയും 11 കോടി രൂപ സിബിഎല്ലിനായി നീക്കിവെച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഐപിഎൽ മാതൃകയിലാണ് സിബിഎൽ വിഭാവനം ചെയ്തിട്ടുള്ളത്. വിഭാവനം ചെയ്ത രീതിയിൽ സിബിഎൽ നടത്തിയാൽ സാമ്പത്തിക സഹായം ആവശ്യമായി വരില്ല. എന്നാൽ ഇത്തവണ അത് സാധ്യമാകില്ല. സിബിഎൽ ഇത്തവണയും നിലവിലുള്ള രീതിയിൽ തുടരുമെന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു.
സർക്കാരിൻറെ സ്ഥിരം സഹായം രണ്ടുകോടിയാക്കി വർദ്ധിപ്പിക്കും-മന്ത്രി പി.സി.വിഷ്ണുനാഥ്
