റിയാദ്: സൗദിയിലേക്ക് ഹൂതികൾ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തോടെ നിർത്തി വെച്ചിരുന്ന വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു. ഇന്നലെ അബഹ, ജിസാൻ വിമാനത്താവളങ്ങളിലെ വിവിധ വിമാന സർവീസുകൾ താൽക്കാലികമായി റദ്ദാക്കിയിരുന്നു. ഹൂതി നിയന്ത്രണത്തിലുള്ള സൻആയിലെ വിമാനത്താവളത്തിൽ സൗദി പിന്തുണയുള്ള യമൻ സൈന്യം ആക്രമണം നടത്തിയതോടെയാണ് സംഘർഷങ്ങളുടെ തുടക്കം. ഇന്നലെ രാത്രിയോടെയാണ് യമൻ അതിർത്തിയോട് ചേർന്നുള്ള സൗദിയിലെ പ്രവിശ്യകളിലേക്ക് ഹൂതികൾ ആക്രമണം നടത്തിയത്. ബാലിസ്റ്റിക് മിസൈൽ പ്രതിരോധിച്ചെങ്കിലും പല ഭാഗത്തും ഇവയുടെ ഭാഗങ്ങൾ പതിച്ചു. അബഹ വിമാനത്താവളം ലക്ഷ്യം വെച്ച് ആക്രമണമുണ്ടായതോടെ വിമാന സർവീസുകൾ പലതും റദ്ദാക്കി. കണക്ഷൻ വിമാനങ്ങളിൽ കേരളത്തിലേക്ക് അവധിക്ക് വരാനിരുന്ന പല മലയാളികളും ഇതോടെ കുടുങ്ങി.
ഹൂതികളുടെ ആക്രമണം; സൗദിയിൽ നിർത്തിവെച്ച വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു
