മന്ത്രിയായത് ഹരിപ്പാട് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കാനെന്ന് ചെന്നിത്തല

തിരുവനന്തപുരം: താൻ ഇത്തവണ മന്ത്രിയായത് ഹരിപ്പാട് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കാൻ വേണ്ടി മാത്രമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇക്കുറി മന്ത്രിയാകണമെന്ന് തനിക്ക് അഗ്രഹമുണ്ടായിരുന്നില്ല. തീരെ ചെറിയ പ്രായത്തിലെ മന്ത്രിയായ ആളാണ് താനെന്നും ചെന്നിത്തല പറഞ്ഞു. ബജറ്റില്‍ പണം നീക്കിവച്ചതിന് പിന്നാലെ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് മെഡിക്കല്‍ കോളജിനായുളള നടപടികള്‍ വേഗത്തിലാക്കിയിരിക്കുകയാണ് സർക്കാർ.

അടുത്ത വര്‍ഷം എംബിബിഎസ് പ്രവേശനം തുടങ്ങുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. പത്താണ്ട് മുമ്പ് കല്ലിടല്‍ നടന്ന ഹരിപ്പാട് മെഡിക്കല്‍ കോളജ് ഇക്കുറി നടപ്പാക്കിയേ പിന്‍മാറൂ എന്ന വാശിയിലാണ് ഹരിപ്പാട് എംഎല്‍എ കൂടിയായ ആഭ്യന്തരമന്ത്രി. ആഗസ്റ്റ് 1ന് ആരോഗ്യമന്ത്രി പദ്ധതി പ്രദേശം സന്ദര്‍ശിക്കും. തുടര്‍ന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയെ മദര്‍ ഹോസ്പിറ്റലാക്കി വാടക കെട്ടിടത്തില്‍ കോളജ് പ്രവര്‍ത്തനം തുടങ്ങിക്കൊണ്ട് നിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്കും മറ്റ് അനുമതികളിലേക്കും കടക്കാനാണ് നീക്കം.

പദ്ധതി പ്രഖ്യാപിക്കുന്ന ഘട്ടത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി തന്നെ എതിര്‍പ്പറിയിച്ചിരുന്നു. എന്നാല്‍ പൂര്‍ണമായും സര്‍ക്കാര്‍ മേഖലയിലായിരിക്കും മെഡിക്കല്‍ കോളേജെന്ന രമേശ് ചെന്നിത്തലയുടെ വിശദീകരണത്തിന് പിന്നാലെ സിപിഎമ്മും എതിര്‍പ്പ് അവസാനിപ്പിച്ച മട്ടിലാണ്. പഴയ എതിര്‍പ്പിനെല്ലാം കാരണക്കാരന്‍ ജി.സുധാകരനായിരുന്നുവെന്നാണ് പ്രാദേശിക പാർട്ടി നേതാക്കൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *