തിരുവനന്തപുരം: മദ്യനയത്തിനായുള്ള ചര്‍ച്ചകളും പ്രാരംഭ പ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി എം ലിജു. മദ്യഉപഭോഗം വര്‍ധിപ്പിക്കുക എന്നതായിരുന്നു എല്‍ഡിഎഫിന്റെ മദ്യനയമെന്നും ഇതില്‍ നിന്ന് വ്യത്യസ്തമായ ഒന്നാകും യുഡിഎഫിന്റേതെന്നും മന്ത്രി പറഞ്ഞു. സാമൂഹിക പ്രതിബന്ധതയുള്ള മദ്യനയമായിരിക്കും രൂപപ്പെടുത്തുക. മദ്യം വില്‍ക്കുന്നവരുടേയും വിവിധ സാമൂഹ്യ പ്രവര്‍ത്തകരുടേയും വിദഗ്ധരുടേയും അഭിപ്രായങ്ങള്‍ പരിഗണിച്ച ശേഷമാകും നയം രൂപപ്പെടുത്തുകയെന്നും അദ്ദേഹം പറഞ്ഞു.
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട വിവാദത്തിലും മന്ത്രി എം ലിജു മറുപടി പറഞ്ഞു. വീര്യം കുറഞ്ഞ മദ്യമെന്ന ആശയം മുമ്പ് തന്നെ ഇവിടെയുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഈ ആശയം കൊണ്ടുവന്നത്. അത്തരം മദ്യം വില്‍ക്കുകയാണെങ്കില്‍ ഇതാകും നികുതി ഘടനയെന്ന് മാത്രമാണ് ബഡ്ജറ്റ് പ്രഖ്യാപനത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. നികുതി ഘടന പ്രഖ്യാപിച്ചത് കൊണ്ട് മാത്രം വീര്യം കുറഞ്ഞ മദ്യം ഇവിടെ വരില്ലെന്നും മന്ത്രി വ്യക്തമാക്കി. ലൈസന്‍സ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എക്‌സൈസ് വകുപ്പ് നല്‍കേണ്ടതുണ്ട്. മദ്യനയത്തിന് ശേഷമായിരിക്കും ഇതില്‍ അന്തിമ തീരുമാനം വരിക. സാമൂഹിക ഉത്തരവാദിത്തതോടെയുള്ള മദ്യഉപഭോഗത്തിന്റെ സംസ്‌കാരം വളര്‍ത്തുകയും മയക്കുമരുന്ന് പൂര്‍ണമായി ഇല്ലാതാക്കുകയും ചെയ്യുമെന്നതാണ് തങ്ങളുടെ കാഴ്ചപ്പാടെന്നും മന്ത്രി എം ലിജു കൂട്ടിച്ചേർത്തു.
