ആലപ്പുഴ: വിഴിഞ്ഞം കരാര്‍ കൈമാറ്റവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്കിടെ പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി വിഴിഞ്ഞം തുറമുഖത്തെ പ്രതിസന്ധിയിലാക്കാന്‍ പ്രതിപക്ഷം ശ്രമിക്കരുതെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കരാര്‍ ലംഘനം ഉണ്ടാകുമ്പോള്‍ ചര്‍ച്ചകളിലൂടെ കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ തന്ത്രങ്ങള്‍ മെനയണം. അതിന് പലവിധ സമ്മര്‍ദ്ദങ്ങള്‍ വേണ്ടിവരുമെന്നും വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. എസ്എന്‍ഡിപി യോഗം മുഖപത്രമായ യോഗനാദം മുഖപ്രസംഗത്തില്‍ ആണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.
ഓഹരി കൈമാറ്റ തീരുമാനം ബിസിനസ് തര്‍ക്കമായി കാണേണ്ട കാര്യമാണ്. അതിന്റെ പേരിലെ രാഷ്ട്രീയപ്പോര് അത്ര നല്ല കാര്യമല്ല. കരാര്‍ ലംഘനങ്ങള്‍ നേരിടാന്‍ നിയമപരമായ നടപടി ക്രമങ്ങളുണ്ട്. വിഴിഞ്ഞത്തെ ചൊല്ലി വാദപ്രതിവാദങ്ങളും കോലാഹലങ്ങളും അണയാതെ നില്‍ക്കുന്നത് കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്ക് നല്ലതല്ല. രാഷ്ട്രീയ വിയോജിപ്പുകള്‍ നിലനില്‍ക്കെ തന്നെയാണ് മുന്‍പും ഇടത്, വലത് മുന്നണികള്‍ വിഴിഞ്ഞത്തിന് വേണ്ടി പ്രവര്‍ത്തിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെയും പിണറായി വിജയന്‍ സര്‍ക്കാരിന്റെയും നിലപാടുകള്‍ വിഴിഞ്ഞം സഫലമാക്കിയതിന് പിന്നിലുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
വിഴിഞ്ഞം വലിയൊരു ബിസിനസ് സംരംഭമാണെന്ന് വിമര്‍ശനങ്ങളും വിവാദങ്ങളും ഉയര്‍ത്തുന്നവര്‍ ഓര്‍ക്കണം. വിഴിഞ്ഞം തുറമുഖത്തെ നിര്‍ജീവമാക്കുന്ന തലത്തിലേക്ക് വിവാദങ്ങളെ വളര്‍ത്തരുതെന്ന സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്റെ നിലപാട് പക്വമാണ്. ആരോപണം ഉയര്‍ന്നാല്‍ വിശ്വസനീയമായ രീതിയില്‍ അന്വേഷണം നടത്താനുള്ള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനുണ്ട്. അത് അവര്‍ ചെയ്യണം. എന്തെങ്കിലും വീഴ്ചകള്‍ കണ്ടെത്തിയാല്‍ നടപടി വേണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു
കേരളത്തിന് വലിയ ഗുണം ചെയ്യുന്ന ഒരു പദ്ധതിയെ നശിപ്പിക്കുന്നത് പൊന്മുട്ടയിടുന്ന താറാവിനെ കഴുത്ത് ഞെരിച്ച് കൊല്ലുന്നതിന് സമമാണ്. അത്ഭുതകരമായ വികസന സാധ്യതകളുള്ള വിഴിഞ്ഞം പദ്ധതിക്ക് കേരളത്തിന്റെ മുഖച്ഛായ മാറാനുള്ള കരുത്തുണ്ടെന്ന് എല്ലാ രാഷ്ട്രീയ കക്ഷികളും തിരിച്ചറിയണം. വിവാദങ്ങള്‍ക്ക് അപ്പുറത്ത് വികസനമെന്ന ലക്ഷ്യമാണ് ഉയര്‍ന്നുനില്‍ക്കേണ്ടത്. വിഴിഞ്ഞത്തെ രാജ്യത്തെ ഒന്നാം നമ്പര്‍ തുറമുഖമാക്കി മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. അതിന് വേണ്ടി ക്രിയാത്മക പിന്തുണ പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കണമെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേർത്തു.
