ചെന്നൈ: വിജയ് സർക്കാരിനെ താഴെയിറക്കാൻ ലക്ഷ്യമിട്ട് നടത്തിയ ‘പ്രോജക്ട് മേഘാലയ’ എന്ന പേരിലുള്ള അട്ടിമറി ശ്രമം സംബന്ധിച്ച് അന്വേഷണം ഊർജിതമാക്കി ചെന്നൈ പോലീസ്. തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിയുടെ ഭരണകക്ഷി എംഎൽഎമാർക്ക് കോഴനൽകി മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഗൂഢാലോചന നടത്തി എന്നതാണ് ആരോപണം. അട്ടിമറി നീക്കവുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ മാധ്യമപ്രവർത്തകനെ ചോദ്യംചെയ്യുകയും ഒമ്പതോളം പേരെ ഇതിനോടകം അറസ്റ്റ് ചെയ്യുകയും ചെയ്തു. നിലവിലെ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ നടത്തിയ ഈ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഡിഎംകെ നേതാക്കൾക്കും പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. അതേസമയം, രാഷ്ട്രീയ നേട്ടത്തിനായി നടത്തുന്ന വ്യാജ ആരോപണങ്ങളാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഇവ തള്ളിക്കളഞ്ഞു.
നിയമസഭാ നടപടികൾക്കിടെ പാർട്ടിയുടെ നിലപാടിന് വിരുദ്ധമായി വോട്ട് ചെയ്യാൻ തിരുനാവുക്കരശും മറ്റുള്ളവരും തനിക്ക് 35 കോടി രൂപ വാഗ്ദാനംചെയ്തു എന്നാരോപിച്ച് ടിവികെ ഉത്തംഗരൈ എംഎൽഎ എൻ. ഇളയരാജ നൽകിയ പരാതിയിലാണ് കേസിന്റെ തുടക്കം. വിജയ് സർക്കാരിനെ അട്ടിമറിക്കാൻ ഏകദേശം 15 ടിവികെ എംഎൽഎമാരെ സാമ്പത്തിക പ്രലോഭനങ്ങളിലൂടെ സമീപിക്കാനായിരുന്നു പദ്ധതിയെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ‘പ്രോജക്ട് മേഘാലയ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ വിപുലമായ ഗൂഢാലോചനയുമായി വിജയന് ബന്ധമുണ്ടോ എന്ന് കണ്ടെത്താനാണ് അദ്ദേഹത്തിന്റെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി പിടിച്ചെടുത്തത് എന്ന് പോലീസ് വ്യക്തമാക്കി.യൂട്യൂബർ തിരുനാവുക്കരശാണ് ഗൂഢാലോചനയിലെ പ്രധാനി. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഒൻപത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
മുൻ ഡിഎംകെ മന്ത്രി സെന്തിൽ ബാലാജി, അദ്ദേഹത്തിന്റെ സഹോദരൻ അശോക് എന്നിവരെയും ചോദ്യംചെയ്യാനായി പോലീസ് വിളിച്ചുവരുത്തിയിട്ടുണ്ട്.അതേസമയം, ഗൂഢാലോചനയ്ക്ക് പിന്നിൽ ചില ഡിഎംകെ നേതാക്കൾക്ക് പങ്കുണ്ടെന്ന ആരോപണം ഡിഎംകെ പൂർണമായും നിഷേധിച്ചു. രാഷ്ട്രീയ നേട്ടത്തിനായി ടിവികെ ഉന്നയിക്കുന്ന വ്യാജ ആരോപണങ്ങളാണിതെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും ഡിഎംകെ നേതൃത്വം അറിയിച്ചു.
