ലോകത്തിലെ എലൈറ്റ് ഡെസ്റ്റിനേഷൻ സൗദിയിലും; ‘ഖിദ്ദിയ സിറ്റി’ ദി നമ്പ‍‍ർ വൺ

റിയാദ്: ലോക ടൂറിസം ഭൂപടത്തിൽ സൗദിയുടെ മുഖം മിനുക്കി ഖിദ്ദിയ സിറ്റി. ലോകത്തിലെ ചുരുക്കം ചില എലൈറ്റ് ഡെസ്റ്റിനേഷനുകളുടെ പട്ടികയിൽ ഖിദ്ദിയയും ഇടംപിടിച്ചു. വേൾഡ് ഡെസ്റ്റിനേഷൻ ഓർഗനൈസേഷന്റെ ‘ഡെസ്റ്റിനേഷൻ മാർക്കറ്റിങ് ആന്റ് മാനേജ്‌മെന്റ് അസസ്‌മെന്റ് പ്രോഗ്രാമിൽ’ ഏറ്റവും ഉയർന്ന റേറ്റിങ്ങോടെയുള്ള അംഗീകാരമാണ് സൗദിയുടെ ഈ വിനോദ-കായിക ന​ഗര പദ്ധതി സ്വന്തമാക്കിയിരിക്കുന്നത്. ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച് ഈ അം​ഗീകാരം നേടുന്ന പശ്ചിമേഷ്യയിലെ തന്നെ ആദ്യ ഡെസ്റ്റിനേഷൻ എന്ന അം​ഗീകാരം കൂടി പദ്ധതി സ്വന്തം പേരിൽ എഴുതിച്ചേർത്തു. എന്നാൽ ജനറൽ വിഭാ​ഗത്തിൽ ഈ അം​ഗീകാരം നേടുന്ന മേഖലയിലെ രണ്ടാമത്തെ ഡെസ്റ്റിനേഷനാണിത്. ലോകമെമ്പാടുമുള്ള ഏകദേശം 200 ഓളം ഡെസ്റ്റിനേഷൻ ഓർഗനൈസേഷനുകളെയാണ് അക്രഡിറ്റേഷൻ വിലയിരുത്തലിനായി പരിഗണിച്ചത്. ഇതിൽ യാതൊരുവിധ കുറവുകളും രേഖപ്പെടുത്താതെ, എല്ലാ മാനദണ്ഡങ്ങളും മറികടന്ന 20 ശതമാനത്തിൽ താഴെ സ്ഥാപനങ്ങൾക്ക് മാത്രമാണ് ഈ ‘ഡിസ്റ്റിങ്ഷൻ റാങ്ക്’ ലഭിച്ചത്. ഗവേണൻസ്, സാമ്പത്തിക വിനിയോഗം, പ്രവർത്തന മികവ്, ഹ്യൂമൻ റിസോഴ്‌സ്, സാങ്കേതികവിദ്യ, വിസിറ്റർ സർവീസസ്, ബ്രാന്റ് മാനേജ്‌മെന്റ്, വികസനം എന്നിവ ആധാരമാക്കിയാണ് ഈ പുരസ്‌കാരം നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *