വിമാനത്താവളങ്ങളായി, ഇനി വിമാന കമ്പനി; അദാനി എയർലൈൻ തുടങ്ങാൻ നീക്കം

ന്യൂഡൽഹി: അദാനി ഗ്രൂപ്പ് വിമാന കമ്പനി തുടങ്ങാൻ പോകുന്നുവെന്ന് റിപ്പോർട്ട്‌. സ്വന്തമായി വിമാനക്കമ്പനി ആരംഭിക്കുന്നതിന്റെ സാധ്യതകൾ അദാനി ഗ്രൂപ്പ് സജീവമായി പരിശോധിച്ച് വരികയാണെന്ന് അവരുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വലിയ മൂലധന ചെലവും ചുരുങ്ങിയ ലാഭവിഹിതവും ഉള്ള മേഖലയായതിനാൽ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

നിലവിലെ നിയമപ്രകാരം മുംബൈ, ഡൽഹി തുടങ്ങിയ വിമാനത്താവള ഓപ്പറേറ്റർമാർക്ക് വിമാനക്കമ്പനികളിൽ 10 ശതമാനത്തിൽ കൂടുതൽ ഓഹരി പങ്കാളിത്തം പാടില്ലെന്നാണ് ചട്ടം. വിമാനക്കമ്പനി തുടങ്ങാൻ ഈ നിയന്ത്രണത്തിൽ ഇളവ് വരുത്തണമെന്ന് അദാനി ഗ്രൂപ്പ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മുൻപ് വിമാനക്കമ്പനികൾ നടത്താൻ പദ്ധതിയില്ലെന്ന് വ്യക്തമാക്കിയിരുന്ന അദാനി ഗ്രൂപ്പ് ഇപ്പോൾ നിലപാട് മാറ്റിയെന്നാണ് സൂചന. നിലവിൽ മുംബൈ, തിരുവനന്തപുരം, ജയ്പുർ ഉൾപ്പെടെ ഇന്ത്യയിലെ 8 പ്രമുഖ വിമാനത്താവളങ്ങളുടെ പ്രവർത്തനം അദാനി ഗ്രൂപ്പാണ് കൈകാര്യം ചെയ്യുന്നത്. നിലവിൽ ഇന്ത്യയിലെ ആഭ്യന്തര വ്യോമയാന മേഖല പരിശോധിച്ചാൽ, മാർക്കറ്റിന്റെ 65 ശതമാനത്തോളം ഇൻഡിഗോ കൈകാര്യം ചെയ്യുമ്പോൾ 25 ശതമാനമാണ് എയർഇന്ത്യ കൈവശംവെച്ചിരിക്കുന്നത്. അദാനി ഗ്രൂപ്പിനെപ്പോലുള്ള കോർപ്പറേറ്റ് ഭീമൻ ഈ മേഖലയിലേക്ക് പ്രവേശിക്കുന്നതോടെ മത്സരം വർധിക്കും. സർക്കാരും ഇതിന് പച്ചക്കൊടി കാട്ടിയേക്കും.കഴിഞ്ഞ വർഷം ഇൻഡിഗോയിലുണ്ടായ പ്രതിസന്ധി രാജ്യത്തെ വ്യോമയാന മേഖയെ സ്തംഭിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ സർക്കാരിന്റെ നിർദേശംകൂടി പരിഗണിച്ചാണ് അദാനി ഗ്രൂപ്പ് മേഖലയിലേക്ക് കടന്നുവരുന്നത് സംബന്ധിച്ചുള്ള ആലോചനകൾ നടത്തുന്നതെന്നാണ് വിവരം.

എന്നാൽ ലാഭമുണ്ടാക്കാൻ ബുദ്ധിമുട്ടുള്ളതും റിസ്‌ക് കൂടുതലുള്ളതുമായ ഒരു ബിസിനസ്സായി കണക്കാക്കപ്പെടുന്നതിനാൽ ഇക്കാര്യത്തിൽ തങ്ങൾ അന്തിമ തീരുമാനത്തിലേക്കെത്തിയിട്ടില്ലെന്നും പേര് വെളിപ്പെടുത്താത്ത അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ടിലുണ്ട്‌. ഇതൊരു ദുഷ്‌കരമായ കാര്യമാണ്, എങ്കിലും ദേശീയ താത്പര്യം മുൻനിർത്തി ഇതിനെക്കുറിച്ച് ആലോചിക്കാൻ അദാനി ആഗ്രഹിക്കുന്നുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം അദാനിക്ക് വിമാനക്കമ്പനി തുടങ്ങുന്നതിന് ചില തടസ്സങ്ങളുണ്ട്.അദാനി വിമാനത്താവള മേഖലയിൽ വലിയ നിക്ഷേപം തുടരുന്നതിനിടയിലാണ് പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്. രാജ്യത്തെ ആറ് സ്ഥലങ്ങളിലായി വിമാനത്താവളങ്ങളുമായി ബന്ധിപ്പിച്ചുള്ള വാണിജ്യ മേഖലകൾ വികസിപ്പിക്കാൻ 200 കോടി ഡോളറിലധികം നിക്ഷേപിക്കാൻ അദാനി എയർപോർട്ട്‌സിന് പദ്ധതിയുണ്ട്. ഹോട്ടലുകൾ, റീട്ടെയിൽ കേന്ദ്രങ്ങൾ, ഓഫീസ് ഇടങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *