റവന്യൂ സേവനങ്ങള്‍ ഇനി ഒറ്റ ക്ലിക്കില്‍; സിംഗിള്‍ സൈന്‍ ഓണ്‍ സംവിധാനവുമായി റവന്യു വകുപ്പ്

തിരുവനന്തപുരം: റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാക്കാനും ജനസൗഹൃദമാക്കാനും ലക്ഷ്യമിട്ട് ഉദ്യോഗസ്ഥര്‍ക്കായി ‘സിംഗിള്‍ സൈന്‍-ഓണ്‍’ സംവിധാനം നടപ്പിലാക്കുന്നു. പോര്‍ട്ടലിന്റെ സംസ്ഥാനതല ഉദ്ഘാടനം റവന്യൂ മന്ത്രി എ.പി.അനില്‍കുമാര്‍ മലപ്പുറത്ത് നിര്‍വഹിച്ചു. റവന്യൂ സംവിധാനത്തെ അഴിമതി രഹിതവും വേഗതയേറിയതുമാക്കി മാറ്റുന്നതിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ ‘ജന്‍ പരിചയ്’ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് നിര്‍മിച്ച പോര്‍ട്ടല്‍ റവന്യൂ ജീവനക്കാരുടെ ജില്ലാതല അവലോകന യോഗത്തിലാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.

ഇതോടെ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് വെവ്വേറെ യൂസര്‍ ഐ.ഡിയും പാസ് വേര്‍ഡും ഉപയോഗിക്കാതെ തങ്ങളുടെ ഔദ്യോഗിക ഇ-മെയില്‍ ഐ.ഡി വഴി ഒറ്റത്തവണ ലോഗിന്‍ ചെയ്ത് വിവിധ ഡിജിറ്റല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാന്‍ സാധിക്കും. പാസ് വേര്‍ഡുകള്‍ മറന്നുപോകുന്നതും ഓരോ സേവനത്തിനും പ്രത്യേക ലോഗിന്‍ ചെയ്യേണ്ടി വരുന്നതും വഴിയുള്ള സമയനഷ്ടവും ഫയല്‍ നീക്കങ്ങളിലെ കാലതാമസവും ഇല്ലാതാക്കാന്‍ ഈ പുതിയ സംവിധാനം സഹായിക്കും.

ഭൂമി സംബന്ധമായ സേവനങ്ങള്‍, ഡിജിറ്റല്‍ റവന്യൂ കാര്‍ഡ്, എച്ച്.ആര്‍.എം.സ്, കെ.ബി.ടി., എസ്.എസ്.പി., പ്രവാസി മിത്രം, അലര്‍ട്ട്, കോവിഡ് എക്സ്ഗ്രേഷ്യ, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള നഷ്ടപരിഹാര പോര്‍ട്ടല്‍ തുടങ്ങിയവയാണ് ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പടുത്തിയിട്ടുള്ള പ്രധാന സേവനങ്ങള്‍. ബാക്കിയുള്ള എല്ലാ റവന്യൂ ആപ്ലിക്കേഷനുകളും ഈ സംവിധാനത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്. ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയുന്നതിലൂടെ സേവനങ്ങള്‍ കൂടുതല്‍ സുതാര്യമായും വേഗത്തിലും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് റവന്യൂ മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *