ഡോ. റീനയ്ക്ക് ഉത്തരവാദിത്വമില്ല, സ്ഥാനത്തുനിന്ന് മാറ്റിയത് നല്ലകാര്യം; ഗണേഷ് കുമാർ

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ. കെ.ജെ. റീനയെ മാറ്റിയത് നല്ലകാര്യമെന്ന് മുൻ മന്ത്രി ഗണേഷ് കുമാർ. റീന ഉത്തരവാദിത്വമില്ലാത്ത ഉദ്യോഗസ്ഥയാണെന്നും നിയമസഭ കമ്മിറ്റിയെ പോലും അവർ അനുസരിച്ചിരുന്നില്ലെന്നും ഇത് നേരിട്ട് അറിയാവുന്ന കാര്യമാണെന്നും ഗണേഷ് കുമാർ പറഞ്ഞു.

മന്ത്രിയെ ബഹുമാനിച്ചില്ലെന്ന് ആരോഗ്യമന്ത്രി പറയുന്നത് ശരിയാവാമെന്നും ഗണേഷ് കുമാർ പറഞ്ഞു. നിപ പ്രതിരോധത്തിൽ ആരോഗ്യമന്ത്രിക്ക് വീഴ്ചയുണ്ടായി. ഡിഎച്ച്എസ് വിവാദത്തിൽ വീഴ്ചയില്ലെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് കഴിഞ്ഞദിവസമാണ് ഡോ. കെ.ജെ. റീനയെ മാറ്റിയത്. എറണാകുളം പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടറായാണ് ഡോ. റീനയ്ക്ക് നിയമനം. അഡീഷണൽ (ഫാമിലി വെൽഫെയർ) ഡയറക്ടറായ ഡോ. വി. മീനാക്ഷിയ്ക്കാണ് പുതിയ ചുമതല. ഹെൽത്ത് സർവീസസ് ഡയറക്ടറുടെ പൂർണ അധിക ചുമതലയാണ് മീനാക്ഷിക്ക് നൽകിയിരിക്കുന്നത്. ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ്റെ അതൃപ്തിയാണ് റീനയുടെ സ്ഥാനചലനത്തിന് പിന്നിലെന്ന് വാർത്തകളുണ്ടായിരുന്നു. പകർച്ചവ്യാധി സമയത്ത് ഡോ. റീന അവധി എടുത്തതിൽ കെ. മുരളീധരന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. കോഴിക്കോട് നിപ സ്ഥിരീകരിക്കുകയും സംസ്ഥാനത്ത് ഷിഗെല്ല ബാധയെ തുടർന്ന് മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *