വൈഭവ് സൂര്യവംശിയേയും മായങ്ക് യാദവിനേയും വാഴ്ത്തി ശ്രേയസ് അയ്യർ

ഹരാരെ: സിംബാബ്വെക്കെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം ടീമിന്റെ പ്രകടനത്തെ പ്രശംസിച്ച് ക്യാപ്റ്റൻ ശ്രേയസ് അയ്യർ. ആദ്യ ടി20യിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഹരാരെ, സ്‌പോർട്‌സ് ക്ലബിൽ 126 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 13.2 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടമത്തിൽ ലക്ഷ്യം മറികടന്നു. 19 പന്തിൽ 50 റൺസെടുത്ത കൗമാരതാരം വൈഭവ് സൂര്യവംശിയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഇഷാൻ കിഷൻ (24 പന്തിൽ 35) മികച്ച പ്രകടനം പുറത്തെടുത്തു. മത്സരത്തിന് ശേഷം ശ്രേയസ് പറഞ്ഞതിങ്ങനെ… ”ടീമിന്റെ എക്‌സിക്യൂഷൻ മികച്ചതായിരുന്നു, എനിക്ക് ലഭിച്ച ആദ്യ ജയത്തിൽ അതിയായ സന്തോഷമുണ്ട്. നേരത്തെ സൂചിപ്പിച്ചതുപോലെ, പിച്ചിൽ നല്ല ബൗൺസ് പ്രതീക്ഷിച്ചിരുന്നു. പ്രത്യേകിച്ച് ഹാർഡ് ലെങ്തിൽ നിന്ന് നല്ല രീതിയിലുള്ള ബൗൺസ് ലഭിച്ചു. തുടക്കത്തിൽ പിച്ചിൽ വേരിയേഷൻ ഉണ്ടായിരുന്നു, രണ്ട് ഇന്നിംഗ്‌സുകളിലും ഇത് അനുഭവപ്പെട്ടു. എന്നാൽ മായങ്കിന്റെ ഭാഗത്തുനിന്നും മികച്ചൊരു തുടക്കമാണ് ലഭിച്ചത്. എറിഞ്ഞ ലൈനും ലെങ്തും കൃത്യമായി പാലിച്ച് ബാറ്റ്സ്മാൻമാർക്ക് റൺസ് നേടാൻ ഇടം നൽകാതെ പന്തെറിയാൻ അവന് സാധിച്ചു. ടീമിനെ സംബന്ധിച്ച് അതൊരു നിർണായക ഘട്ടമാണ്. പവർപ്ലേയിൽ വൈഭവ് വന്ന് മികച്ചൊരു തുടക്കം സമ്മാനിക്കുകയും ചെയ്തു.” ശ്രേയസ് പറഞ്ഞു.

അദ്ദേഹം തുടർന്നു… ”എല്ലാ ടീമിലും കളി അവസാനം വരെ കൊണ്ടുപോയി മാന്യമായ ഒരു സ്‌കോർ പടുത്തുയർത്താൻ ശേഷിയുള്ള ഒരു ബാറ്റ്സ്മാൻ ഉണ്ടാകും. പിച്ചിലെ സാഹചര്യം അവർ നന്നായി വിലയിരുത്തുകയും കൂട്ടുകെട്ടുകൾ പടുത്തുയർത്താൻ തുടങ്ങുകയും ചെയ്തു. ആ സമയത്ത് ബൗളർമാരെ മാറ്റി മാറി പരീക്ഷിക്കാൻ ആഗ്രഹിച്ചു. കാരണം ഇവിടെ ഞങ്ങൾക്ക് രണ്ട് മത്സരങ്ങൾ കൂടി കളിക്കാനുണ്ട്, അതിനാൽ അവർക്ക് മികച്ച താളം ലഭിക്കേണ്ടതുണ്ട്. എല്ലാവർക്കും പന്തെറിയാനും ബാറ്റ് ചെയ്യാനും അവസരങ്ങൾ ലഭിക്കുന്നത് അവർക്കും വലിയ ആത്മവിശ്വാസം നൽകും.” ശ്രേയസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *