മുംബൈ: പുതിയ തലമുറയുടെ യുക്തിസഹമായ ചിന്താഗതിയെയും ചോദ്യംചോദിക്കാനുള്ള പ്രവണതയെയും ഉൾക്കൊള്ളാൻ പഴയരീതികൾ മാറ്റണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. അന്ധമായി അനുസരിപ്പിക്കാൻ ശ്രമിക്കുന്നതിന് പകരം തുറന്ന സംവാദത്തിലൂടെയും ചർച്ചകളിലൂടെയും യുവാക്കളുമായി സമവായത്തിലെത്താൻ കുടുംബങ്ങളും സമൂഹവും തയ്യാറാകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. കുട്ടികളുടെ സംശയങ്ങൾ ദുരീകരിക്കാൻ രക്ഷിതാക്കൾ സ്വന്തം അറിവ് വർധിപ്പിക്കണമെന്നും ഭാരതീയ സംസ്കാരത്തിലും മൂല്യങ്ങളിലും അധിഷ്ഠിതമായ ജീവിതശൈലി പിന്തുടരണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഡൽഹിയിലെ അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ വിശ്വ മാംഗല്യ സഭ സംഘടിപ്പിച്ച ‘ആധുനിക മാതൃത്വം’ എന്ന വിഷയത്തിലുള്ള ദേശീയ പ്രബുദ്ധതാ യോഗത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ യുവതലമുറ ഉത്തരങ്ങൾ തേടുകയാണെന്നും അവരുമായി സംവാദം, സ്നേഹം, അർത്ഥവത്തായ ഇടപഴകൽ എന്നിവ ആവശ്യമാണ്. ‘ഞങ്ങൾ ചെറുപ്പമായിരുന്നപ്പോൾ അത് അനുസരണയുടെ കാലമായിരുന്നു. ഇപ്പോൾ അങ്ങനെയല്ല. പുതിയ തലമുറ ചോദ്യങ്ങൾ ചോദിക്കുന്നു. നമ്മൾ അവർക്ക് കാര്യങ്ങൾ യുക്തിസഹമായി വിശദീകരിച്ചു കൊടുക്കണം. നമ്മൾ അവർക്ക് ഒരുപാട് സ്നേഹം നൽകണം. നമ്മൾ അവർക്കൊപ്പം സമയം ചെലവഴിക്കേണ്ടതുണ്ട്’. അവരുമായി ആശയവിനിമയം നടത്തണം. ഇന്നത്തെക്കാലത്ത് കുടുംബങ്ങൾക്കുള്ളിൽ പോലും സംഭാഷണങ്ങൾ ഇല്ലാതായിരിക്കുകയെനെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സംസ്കാരത്തെയും പാരമ്പര്യത്തെയും കുറിച്ചുള്ള തെറ്റിദ്ധാരണകൾക്കെതിരെ മുന്നറിയിപ്പ് നൽകിയ അദ്ദേഹം, ഇന്ത്യയുടെ നാഗരിക അടിത്തറ ശക്തമാണെന്നും വൈവിധ്യത്തിലെ ഏകത്വമാണ് ഇന്ത്യൻ സംസ്കാരത്തിന്റെ അന്തസത്തയെന്നും ഊന്നിപ്പറഞ്ഞു. രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തിലും അറിവിലും ചരിത്രത്തിലുമൂന്നി ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുമ്പോൾ കുടുംബ മൂല്യങ്ങളെയും സാമൂഹിക സ്ഥാപനങ്ങളെയും ശക്തിപ്പെടുത്തണമെന്നും അദ്ദേഹം സമൂഹത്തോട് അഭ്യർത്ഥിച്ചു.
