തിരുവനന്തപുരം: പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എം.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റി മുഖ്യമന്ത്രി വി.ഡി.സതീശന് നിവേദനം നൽകി. നോർക്കയും നോർക്ക റൂട്ട്സും മുഖേന ലഭ്യമാകുന്ന സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക, നോർക്ക ഇൻഷുറൻസ് പദ്ധതിയുടെ ആനുകൂല്യങ്ങൾ വിപുലീകരിക്കുക, പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നവർക്ക് പുനരധിവാസം, തൊഴിൽ, പെൻഷൻ, ക്ഷേമപദ്ധതികൾ എന്നിവ ശക്തിപ്പെടുത്തുക, അടിയന്തര ചികിത്സക്കും മറ്റ് ആവശ്യങ്ങൾക്കുമായി നാട്ടിലെത്തുന്ന പ്രവാസികൾക്ക് സർക്കാർ ആശുപത്രികളിലും സർക്കാർ ഓഫീസുകളിലും പ്രത്യേക പരിഗണന നൽകുക, ലീവിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സമയബന്ധിതമായ സർക്കാർ സേവനങ്ങൾ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ നിവേദനത്തിൽ ഉന്നയിച്ചു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കും കുവൈത്തിലേക്കുമുള്ള നേരിട്ടുള്ള വിമാന സർവീസുകൾ വർധിപ്പിക്കുന്നതിനും പുന:സ്ഥാപിക്കുന്നതിനും ഇടപെടണമെന്നും ആവശ്യപ്പെട്ടു. കെ.എം.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ നവാസ് മുസ്ലിയാർ, അൽ അമീൻ ബദറുദ്ദീൻ, അൻസാരി സാഹിബ്, കൗൺസിലർ സുൽഫി വള്ളക്കടവ് എന്നിവർ മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചു.
KMCC മുഖ്യമന്ത്രിക്ക് നിവേദനം നൽകി
