റിയാദ്: സൗദി അറേബ്യയിലെ സാമ്പത്തിക നഗരങ്ങൾക്കും പ്രത്യേക സാമ്പത്തിക മേഖലകൾക്കും ‘മാർക്കറ്റിങ് നെയിം’ നൽകുന്നതും മാറ്റുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയമാവലി പ്രാബല്യത്തിൽ. മന്ത്രിസഭ അംഗീകാരം നൽകിയ പുതിയ ചട്ടങ്ങളനുസരിച്ച് നൽകുന്ന പേരുകൾ ലളിതമായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. കൂടാതെ, ലക്ഷ്യമിടുന്ന നിക്ഷേപകർക്ക് എളുപ്പത്തിൽ മനസ്സിലാകുന്നതും, മേഖലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളോ നിർദ്ദിഷ്ട പദ്ധതികളോ വ്യക്തമാക്കുന്നതും അവയുടെ ലക്ഷ്യങ്ങൾ സൂചിപ്പിക്കുന്നതുമായിരിക്കണം. അറബിക്, വിദേശ ഭാഷാ പദങ്ങൾ ഇതിനായി ഉപയോഗിക്കാവുന്നതാണ്. മതപരമായ അർഥങ്ങളുള്ളതോ മതപരവും വംശീയപരവുമായ വികാരങ്ങളെ വ്രണപ്പെടുത്തുന്നതോ ആയ പേരുകളും ചിഹ്നങ്ങളും പൂർണമായി ഒഴിവാക്കണം. കൂടാതെ രാഷ്ട്രീയവും സൈനികവുമായ പേരുകൾക്കും വിലക്കുണ്ട്. സൗദിയിലോ മറ്റു അന്താരാഷ്ട്ര കരാറുകൾ വഴിയോ രജിസ്റ്റർ ചെയ്തിട്ടുള്ള ട്രേഡ് മാർക്കുകൾക്ക് സമാനമായ പേരുകൾക്കും അനുമതിയുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.
സാമ്പത്തിക നഗരങ്ങൾക്കും സോണുകൾക്കും പേരിടാൻ ഇനി കർശന ചട്ടങ്ങൾ
