ഫുട്ബോള്‍ ലോകകപ്പ് സെമിഫൈനലില്‍ ഫ്രാന്‍സ് പുറത്തായതിന് പിന്നാലെ,ആരാധകര്‍ക്കായി വൈകാരികമായ തുറന്ന കത്ത് പങ്കുവെച്ചിരിക്കുകയാണ് ടീമിന്റെ നായകനും സൂപ്പര്‍ താരവുമായ കിലിയന്‍ എംബാപ്പെ. ലോകകപ്പ് കിരീടം നാട്ടിലെത്തിക്കാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ടെന്നും, ഈ നിരാശ കുറച്ചുകാലം കൂടി വേദനിപ്പിക്കുമെന്നും എംബാപ്പെ കത്തില്‍ കുറിച്ചു. കുട്ടിക്കാലത്ത് തന്റെ ആരാധനാപാത്രമായ തിയറി ഹെന്റിയുടെ ചിത്രത്തിന് മുന്നില്‍ നില്ക്കുന്ന ഓര്‍മ്മച്ചിത്രമടക്കം പങ്കുവെച്ചാണ് എംബാപ്പെ കത്ത് ആരംഭിക്കുന്നത്.
‘ഞങ്ങള്‍ ട്രോഫി സ്വന്തമാക്കിയില്ല. അത് ഞങ്ങളെ വേദനിപ്പിക്കുന്നുണ്ട്. കുറച്ചുകാലം കൂടി അത് വേദനിപ്പിക്കുകയും ചെയ്യും’ -എംബാപ്പെ പറഞ്ഞു. ‘ലോകത്തിന്റെ മറുഭാഗത്ത് ഞങ്ങള്‍ കളിക്കുന്നത് കാണാന്‍ പലരും അര്‍ധരാത്രി വരെ ഉണര്‍ന്നിരുന്നു. സ്റ്റേഡിയങ്ങളില്‍ ഫ്രഞ്ച് പതാകയുമേന്തി വന്നവരുമുണ്ട്. ഏത് പ്രതിസന്ധിയിലും നിങ്ങള്‍ ഞങ്ങളെ കൈവിട്ടില്ല. ഈ കഥ കളത്തിലെ 11 പേര് മാത്രമല്ല, ദശലക്ഷക്കണക്കിന് ആളുകള്‍ ചേര്‍ന്ന് എഴുതിയതാണെന്നും എംബാപ്പെ കുറിച്ചു.
ടോപ്പ് സ്കോറര്‍ പട്ടം ഞാന്‍ അഭിമാനത്തോടെ സ്വീകരിക്കുന്നു. എങ്കിലും കപ്പ് കൂടി ഉണ്ടായിരുന്നെങ്കില്‍ അത് കൂടുതല്‍ മനോഹരമായേനെ. ഒരു കുട്ടിയായിരുന്നപ്പോള്‍ ഒരു ലോകകപ്പിലെങ്കിലും കളിക്കണമെന്ന് ഞാന്‍ സ്വപ്നം കണ്ടിരുന്നു. മൂന്ന് ലോകകപ്പുകള്‍ കളിച്ചു, ഒന്നില്‍ ചാമ്പ്യന്മാരായി. ഈ വര്‍ഷം ക്യാപ്റ്റനായി നയിക്കാന്‍ സാധിച്ചു. ഇതെല്ലാം ഞാന്‍ ഒരിക്കലും മറക്കില്ല. ഫുട്ബോള്‍ അതിന്റെ കാതലായ അര്‍ത്ഥത്തില്‍ ഇപ്പോഴും ഒരു കളിയാണ്. ഗോളടിക്കുക എന്ന ലളിതമായ നിയമമുള്ള, നമ്മെയെല്ലാം ഒരേ വികാരത്തോടെ ഒന്നിച്ചുനിര്‍ത്തുന്ന ഒരു കളിയെന്നും എംബാപ്പെ കുറിച്ചു.
