‘വിജയം എപ്പോഴും വിനയത്തോടെയാകണം’; സിജെപിയുടെ ആഘോഷവീഡിയോകൾക്കെതിരെ സോനം വാങ്ചുക്

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജിയെത്തുടർന്ന് സിജെപി നടത്തിയ ആഘോഷ വീഡിയോകൾക്ക് പ്രതികരണവുമായി സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്. വിജയം എപ്പോഴും വിനയത്തോടെയാകണം എന്ന് അദ്ദേഹം പ്രവർത്തകരെ ഓർമ്മിപ്പിച്ചു. വിജയങ്ങൾ ആഘോഷിക്കുമ്പോൾ അത് അന്തസ്സോടും മിതത്വത്തോടും ഉത്തരവാദിത്വത്തോടും കൂടി വേണം നിർവ്വഹിക്കാൻ എന്ന് വാങ്ചുക് പറഞ്ഞു. ജീവിതത്തിൽ വിജയം നേടുന്നതുപോലെ തന്നെ പ്രധാനമാണ് ആദരവും വിനയവും നിലനിർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാസങ്ങൾ നീണ്ട സമരം അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെ സിജെപിയിലെ പ്രധാന അംഗങ്ങൾ നൃത്തം ചെയ്യുന്നതും ആഘോഷിക്കുന്നതുമായ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വാങ്ചുക് തന്റെ നിലപാട് വ്യക്തമാക്കിയത്.

ഡൽഹിയിലെ ജന്തർ മന്തറിൽ സിജെപിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ സോനം വാങ്ചുകും ഭാഗമായിരുന്നു. പരീക്ഷാ പേപ്പർ ചോർച്ചയെത്തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്നും സമരക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കില്ലെന്നുമുള്ള സർക്കാരിന്റെ ഉറപ്പിനെത്തുടർന്ന് ജൂലായ് 23-നാണ് അദ്ദേഹം തന്റെ 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *