പാക് അധീന കശ്മീരിൽ സംഘർഷം; 20 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ന്യൂഡൽഹി: പാക് അധീന കശ്മീരിൽ വൻ സംഘർഷം. പ്രതിഷേധക്കാർക്ക് നേരേ പാകിസ്ഥാൻ പൊലീസും സുരക്ഷാസേനയും നടത്തിയ വെടിവെപ്പിൽ 24 മണിക്കൂറിനിടെ 20 പേർ കൊല്ലപ്പെട്ടതായും 50-ലേറെ പേർക്ക് പരിക്കേറ്റെന്നും റിപ്പോർട്ട്. പാക് അധീന കശ്മീരിലെ റവാൽക്കോട്ട് മേഖലയിലാണ് പാകിസ്ഥാൻ പൊലീസിന്റെ ക്രൂരത അരങ്ങേറിയത്.

പാക് അധീന കശ്മീരിലെ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി നേരത്തേ ആഹ്വാനം ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനംചെയ്ത പ്രതിഷേധക്കാരെയാണ് ഭരണകൂടം പൊലീസിനെ ഉപയോ​ഗിച്ച് നേരിട്ടത്. പ്രതിഷേധക്കാർക്ക് നേരേ പൊലീസ് നടത്തിയ വെടിവെപ്പിൽ ഒരുദിവസത്തിനിടെ മാത്രം ഇരുപതോളം പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. അവാമി ആക്ഷൻ കമ്മിറ്റി വക്താവ് ഉമർ നാസിർ കശ്മീരിയുടെ സഹോദരൻ ഉസ്മാൻ നാസിർ അടക്കം പൊലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

പ്രതിഷേധക്കാർക്ക് നേരേ പൊലീസ് നടത്തിയ വെടിവെപ്പിന് പിന്നാലെ റോഡിൽ മൃതദേഹങ്ങൾ നിറഞ്ഞനിലയിലാണെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പൊലീസിന്റെ ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായി പാക് അധീന കശ്മീരിലെ പ്രമുഖ വ്ളോ​ഗറായ അഖീൽ ഭായിയും സാമൂഹികമാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *