കുവൈത്ത് സിറ്റി: കുവൈത്തിലെ ആരോഗ്യ മേഖലയിൽ ‘മിഡ്വൈഫറി’ ഒരു പുതിയ ഔദ്യോഗിക തസ്തികയായി ഉൾപ്പെടുത്തിക്കൊണ്ട് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി ഉത്തരവിറക്കി. മാതൃ-ശിശു ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിന്റെ ഭാഗമായാണ് നടപടി. ആരോഗ്യ സേവനങ്ങളുടെ വികസനത്തിനും ആവശ്യകതയ്ക്കുമനുസരിച്ച് മറ്റ് അനുബന്ധ തസ്തികകൾ ഉൾപ്പെടുത്താൻ അനുമതി നൽകുന്ന 2020-ലെ 70-ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ 3 പ്രകാരമാണ് ഈ തീരുമാനം.
സുരക്ഷിതമായ പ്രസവ ശുശ്രൂഷകൾ ഉറപ്പാക്കാനും ഗർഭിണികൾക്കും നവജാതശിശുക്കൾക്കും മികച്ച പരിചരണം നൽകാനും യോഗ്യതയുള്ള വിദഗ്ദ്ധർക്ക് കൂടുതൽ അവസരങ്ങൾ നൽകാനും ഇത് വഴിയൊരുക്കും. സബാഹ് മെഡിക്കൽ ഏരിയയിലെ പുതിയ മെറ്റേണിറ്റി ആശുപത്രിയുടെ പ്രവർത്തനം ആരംഭിക്കുന്നതിനൊപ്പം അൽ-അദാൻ, അൽ-ഫർവാനിയ, അൽ-ജഹ്റ എന്നീ ആശുപത്രികളിലെ മാതൃ-ശിശു ആരോഗ്യ സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ കൂടെ ഭാഗമായാണ് ഈ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.
