റിയാദ്: വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് ഔപചാരികമായ തുടക്കമായി. 162 രാജ്യങ്ങളിൽ നിന്നുള്ള 18 ലക്ഷത്തോളം തീർത്ഥാടകരാണ് ഇത്തവണ പങ്കെടുക്കുന്നത്. ഇതിൽ ഇന്ത്യയിൽ നിന്ന് 1,75,000 പേരും കേരളത്തിൽ നിന്ന് 18,000 പേരും ഉൾപ്പെടുന്നു. ഹജ്ജിന്‍റെ ആദ്യ ദിനമായ തിങ്കളാഴ്ച (തർവിയത്ത് നാളിൽ), ‘ലബൈക്’ മന്ത്രധ്വനികളോടെ ലക്ഷക്കണക്കിന് വിശ്വാസികൾ മിനയിലെ തമ്പുകളിലേക്ക് ഒഴുകിയെത്തി. ഇതോടെ മക്കയുടെ ഈ താഴ്‌വര ലോകത്തിലെ ഏറ്റവും വലിയ സീസണൽ നഗരമായി മാറി.
പുണ്യയാത്രയ്ക്കുള്ള സജ്ജീകരണം എന്നർത്ഥമുള്ള ‘യൗമുത്തർവിയ’ എന്ന ഈ ആദ്യദിനത്തിൽ പ്രത്യേക കർമങ്ങളൊന്നുമില്ലെങ്കിലും, പ്രധാന ചടങ്ങായ അറഫാ സംഗമത്തിന് മുന്നോടിയായി അഞ്ചു നേരത്തെ നമസ്കാരങ്ങളോടെ തീർത്ഥാടകർ പ്രാർത്ഥനകളിൽ മുഴുകുന്നു. ദുൽഹജ്ജ് 13 വരെ നാലു ദിവസത്തോളം തീർത്ഥാടകരുടെ താമസം മിനായിലായിരിക്കും. കേവലം താൽക്കാലിക താമസസ്ഥലമെന്നതിനപ്പുറം, അത്യാധുനിക സൗകര്യങ്ങളുള്ള ഒരു സ്മാർട്ട് സിറ്റിയാണ് മിന. സുരക്ഷ, ആരോഗ്യം, ഭക്ഷണം എന്നിവ ഉറപ്പാക്കുന്ന വിപുലമായ ലോജിസ്റ്റിക്കൽ ഫ്രെയിംവർക്ക് ഇവിടെയുണ്ട്. 26 ലക്ഷത്തിലധികം പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള, 25 ദശലക്ഷം ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന മിനയിൽ ഇത്തവണ രണ്ടു ലക്ഷത്തോളം തമ്പുകളാണ് ഒരുക്കിയിട്ടുള്ളത്.
മക്കയിൽ താമസിച്ചിരുന്ന തീർത്ഥാടകർ ഞായറാഴ്ച വൈകിട്ട് മുതൽ മിന ലക്ഷ്യമാക്കി നീങ്ങുകയും തിങ്കളാഴ്ച ഉച്ചയോടെ ഭൂരിഭാഗം പേരും എത്തിച്ചേരുകയും ചെയ്തു.
