കുവൈത്ത് : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ മിസൈൽ-ഡ്രോൺ ആക്രമണത്തിന് പിന്നാലെ, കുവൈത്തിലേക്കും തിരിച്ചുമുള്ള എല്ലാ സർവ്വീസുകളും താല്ക്കാലികമായി നിർത്തിവെച്ചതായി ഇന്ത്യൻ ബജറ്റ് എയർലൈനായ ഇൻഡിഗോ അറിയിച്ചു. തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് വഴിയാണ് എയർലൈൻ യാത്രാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
പുതിയ അറിയിപ്പ് പ്രകാരം ജൂൺ 4-ാം തീയതി ഉച്ചയ്ക്ക് 12 മണി വരെ കുവൈത്തിലേക്കും തിരിച്ചുളളതുമായ എല്ലാ ഇൻഡിഗോ സർവ്വീസുകളും പൂർണ്ണമായി റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഈ തീരുമാനമെന്ന് ഇൻഡിഗോ വ്യക്തമാക്കി.
പെട്ടെന്നുണ്ടായ ഈ വിമാന സർവ്വീസ് തടസ്സം യാത്രക്കാരുടെ പദ്ധതികളെ ബാധിക്കുമെന്നറിയാമെന്നും ഇതിലുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്നും എയർലൈൻ അറിയിച്ചു. നിലവിലെ അടിയന്തര സാഹചര്യം സിവിൽ ഏവിയേഷൻ അധികൃതരുമായി ചേർന്ന് കമ്പനി നിരന്തരം നിരീക്ഷിച്ചുവരികയാണ്. വ്യോമപാത സുരക്ഷിതമാകുന്ന മുറയ്ക്ക് സർവ്വീസുകൾ പുനരാരംഭിക്കും.
